സീനിയര്‍ വിദ്യാര്‍ഥികള്‍ അടിച്ചു കൊന്ന 12 വയസുകാരനെ അധികൃതര്‍ സ്‌കൂളില്‍ കുഴിച്ചുമൂടി

single-img
28 March 2019

ഡെറാഡൂൺ: സ്‌കൂളില്‍ പഠിക്കുന്ന ഏഴാംക്ലാസുകാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തല്ലിക്കൊന്നു. എന്നാൽ വിഷയം പൊലീസിനെയോ രക്ഷകർത്താക്കളെയോ അറിയിക്കാതെ കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം അധികൃതർ സ്കൂൾ അങ്കണത്തിൽത്തന്നെ കുഴിച്ചുമൂടി.

ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് ഞെട്ടിക്കുന്ന സംഭവം. ഡെറാഡൂണിലെ ബോര്‍ഡിങ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ വാസു യാദവാണ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളുടെ മര്‍ദനത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. വാസുയാദവിന്റെ മൃതദേഹം പിന്നീട് സ്കൂൾ അങ്കണത്തിൽ കുഴിച്ചുമൂടിയ നിലയിൽ പൊലീസ് കണ്ടെടുക്കുകയായിരുന്നു.

മാര്‍ച്ച് പത്തിനാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. ഉത്തരാഖണ്ഡിലെ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടപ്പോഴാണ് സംഭവം പുറത്തു വന്നത്. കൊല്ലപ്പെട്ട കുട്ടി സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രയുടെ സമയത്ത് ഒരു കടയിൽ നിന്നും ബിസ്‌കറ്റ് മോഷ്ടിച്ചുവെന്നും, ഇതിന് ശിക്ഷയായി അധികൃതര്‍ വിദ്യാര്‍ത്ഥികളെ ക്യാംപസില്‍ നിന്ന് പുറത്തു പോകുന്നത് വിലക്കിയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

ഇതിൽ രോഷാകുലരായ മുതിര്‍ന്ന കുട്ടികൾ വാസുവിനെ മർദിക്കുകയായിരുന്നു. ക്രിക്കറ്റ് ബാറ്റ്, വിക്കറ്റ് തുടങ്ങിയവ ഉപയോഗിച്ചായിരുന്നു മർദനം. കൂടാതെ തണുത്ത വെള്ളം ഇവർ വാസുവിന്റെ ശരീരത്തിൽ ഒഴിക്കുകയും ചെയ്തു. കുട്ടികളുടെ ക്രൂരമർദനത്തിൽ ഉടൻതന്നെ വാസു മരിച്ചു. മൃതദേഹം ക്ലാസ്മുറിയിൽ ഉപേക്ഷിച്ച് മുതിർന്ന കുട്ടികൾ കടന്നുകളയുകയായിരുന്നു. മണിക്കൂറുകൾക്കു ശേഷം ഹോസ്റ്റൽ വാർഡനാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചത്.

അതിന്റെ പിറ്റേദിവസമാണ് ബാലാവകാശ കമ്മീഷന്‍ സ്കൂൾ സന്ദർശിച്ചത്. ഇവിടെ വച്ച് അവർക്ക് കുട്ടിയെ കൊന്നു മറവുചെയ്തതായുള്ള വിവരം ലഭിച്ചു. പിന്നീട് കമ്മിഷൻ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം പോലും ചെയ്യാതെയാണ് കുട്ടിയുടെ മൃതദേഹം മറവുചെയ്തിരുന്നത്. കമ്മിഷന്റെ പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു.

ഹാപ്പൂരിലുള്ള കുട്ടിയുടെ വീട്ടുകാരെപ്പോലും അറിയിക്കാതെയാണ് മൃതദേഹം മറവുചെയ്തതെന്ന് ബാലാവകാശ കമ്മീഷന്‍ ചെയർപേഴ്സൺ ഉഷാ നേഗി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട രണ്ടു കുട്ടികളെ കസ്റ്റഡിയിലെടുത്തു. കൂടാതെ ഹോസ്റ്റൽ മാനേജർ, വാർഡൻ, കായികാധ്യാപകൻ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.