ആവേശം കൂടിയപ്പോൾ കാറിൻ്റെ നമ്പർപ്ലേറ്റിൽ ´ചൗക്കീദാർ´ എന്നെഴുതി; ബിജെപി എംഎല്‍എയ്ക്ക് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്

single-img
28 March 2019

ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുളള ബിജെപിയുടെ ചൗക്കിദാര്‍ പ്രചാരണം ഒരു ബിജെപി എംഎൽഎയ്ക്ക് നാണക്കേട് വരുത്തിവച്ചു. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റില്‍ ചൗക്കിദാര്‍ എന്ന് എഴുതിയ ബിജെപി എംഎല്‍എയ്ക്ക് പിഴ ഈടാക്കിയിരിക്കുകയാണ് അധികൃതര്‍. മധ്യപ്രദേശിലെ എംഎല്‍എയായ രാം ഡാങ്കോര്‍ ആണ് നിയമം ലംഘിച്ചതിന്റെ പേരില്‍ പിഴ ഒടുക്കേണ്ടി വന്നത്.

തന്നെ കുടുക്കിയത് കോണ്‍ഗ്രസാണെന്ന് എംഎല്‍എ  ആരോപിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഖണ്ട്വാ മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന നന്ദകുമാര്‍ സിങ് ചൗഹാനെ സന്ദര്‍ശിച്ച ശേഷം മടങ്ങിവരുന്നതിനിടെയാണ് എംഎല്‍എയുടെ കാര്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് നമ്പര്‍ പ്ലേറ്റുമായി ബന്ധപ്പെട്ട വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് എംഎല്‍എയോട് പിഴ ഒടുക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. തന്നെ കുടുക്കിയതില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന് എംഎല്‍എ ആരോപിച്ചു. നമ്പര്‍ പ്ലേറ്റില്‍ ചൗക്കിദാര്‍ എന്ന് എഴുതിയതല്ലാതെ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്ന് എംഎല്‍എ പറയുന്നു.