തണ്ണിമത്തനിലെ മാരകമായ വിഷം; സത്യാവസ്ഥ ഇതാണ്

single-img
27 March 2019

വേനല്‍ക്കാലത്ത് ഏറ്റവും അധികം വിപണിയിലെത്തുന്ന പഴമാണ് തണ്ണിമത്തന്‍. തണ്ണിമത്തനില്‍ ജലാംശം കൂടുതലാണ് എന്നതിനാല്‍ ഇതിന് ആവശ്യക്കാരും ഏറെയാണ്. എന്നാല്‍ ഇവയെയും സംശയത്തിന്റെ കണ്ണോടെ കാണണമെന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ പരന്നു. ഇവയിലും രാസവസ്തുക്കള്‍ കുത്തിവയ്ക്കുന്നുണ്ടെന്നായിരുന്നു ആരോപണം. ഇതിനെക്കുറിച്ച് സുരേഷ് സി പിള്ള എഴുതിയ കുറിപ്പ് വായിക്കാം

ഇന്ന് ഒരു സുഹൃത്ത് ശ്രദ്ധയില്‍ പെടുത്തിയ മെസ്സേജ് ആണ് ഇത്; റോഡരുകിലെ കടകളില്‍ മാസങ്ങളോളം കാറ്റും വെയിലു മേറ്റാലും ഫ്രഷ് ആയിത്തന്നെ തണ്ണി മത്തന്‍ ഇരിക്കുന്നു. ഇവ മാരകമായ വിഷം അടിച്ചതാണ്.. ഇങ്ങനെ, തണ്ണിമത്തന്‍ കഴിച്ചാല്‍ വരാത്ത രോഗങ്ങളില്ല എന്നുള്ള രീതിയില്‍ മെസ്സേജുകള്‍ നിങ്ങളും വാട്ട്സാപ്പ് വഴി കണ്ടിട്ടുണ്ടാവുമല്ലോ എന്നു പറഞ്ഞാണ് സുരേഷ് തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. തണ്ണിമത്തന്‍ അഥവാ വാട്ടര്‍ മെലണ്‍ Cucurbitaceae എന്ന ഫാമിലിയില്‍ പെട്ട ഇതിന്റെ ശാസ്ത്രീയ നാമം Citrullus lanatus എന്നാണ്.

പള്‍പ്പില്‍ 90 ശതമാനത്തോളം വെള്ളവും, ആറു ശതമാനത്തോളം ഷുഗറും ഉണ്ട്. ഇത് കൂടാതെ ചെറിയ അളവില്‍ വൈറ്റമിന്‍ എ, ബി6, സി, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. Lycopene എന്ന പിഗ്മെന്റ് ആണ് ഇതിന് ചുവന്ന കളര്‍ കൊടുക്കുന്നത്. 3,6-nonadienal എന്ന കോമ്ബൗണ്ട് ആണ് ഇതിന് വിശിഷ്ടമായ ഗന്ധം കൊടുക്കുന്നത്.സാധാരണ വിളവെടുത്താല്‍ പത്തു ദിവസം വരെ കേടു കൂടാതെ ഇരിക്കും. ഫ്രിഡ്ജില്‍ വച്ചാല്‍ മൂന്ന് ആഴ്ച വരെ ഇരിക്കും.

തണ്ണിമത്തന്റെ ഷെല്‍ഫ്-ലൈഫ് മാസങ്ങളോളം കൂട്ടാനുള്ള ഒരു കെമിക്കലും ശാസ്ത്ര ഡേറ്റാബേസില്‍ തിരഞ്ഞിട്ട് കണ്ടില്ല. അങ്ങനെ ഒരു കെമിക്കല്‍ ഇല്ല എന്നു തന്നെ പറയാം. പ്രത്യേകിച്ചും ഒരു കെമിക്കല്‍ കുത്തി വച്ചും മാസങ്ങളോളം തണ്ണിമത്തന്‍ കേടു കൂടാതെ വയ്ക്കാന്‍ പറ്റില്ല. അത് കൂടതെ എന്തെകിലും മുറിവോ (കുത്തി വയ്ക്കുമ്ബോള്‍ ഉണ്ടാവുന്ന), ചതവോ ഉണ്ടായാല്‍ പെട്ടെന്ന് ചീഞ്ഞു പോകാനും സാധ്യത ഉണ്ട്.

വിളഞ്ഞാല്‍ തണ്ണിമത്തന്റെ അകം ചുവപ്പു കളറാണ്. Lycopene എന്ന പിഗ്മെന്റ് ആണ് ഇതിന് ചുവന്ന കളര്‍ കൊടുക്കുന്നത് എന്ന് മുകളില്‍ പറഞ്ഞല്ലോ. ഇനി വിളയാതെ പറിച്ചു പുറത്തു നിന്നും കുത്തി വച്ചു കളര്‍ മാറ്റാനുള്ള സാധ്യതയും കുറവാണ്, കാരണം കളര്‍ കയറ്റിയാല്‍ അത് homogeneous ആയി എല്ലായിടത്തും ഒരേ പോലെ വ്യാപിക്കില്ലല്ലോ? നിങ്ങള്‍ ഒരു വെള്ളരിക്ക എടുത്തിട്ട് അതില്‍ ചുവന്ന ഡൈ കുത്തി വച്ചു നോക്കാം.

അത് എല്ലായിടത്തും ഒരേ പോലെ വ്യാപിക്കില്ല. ഇനി കളര്‍ ചേര്‍ത്തതെങ്കില്‍ മുറിക്കുമ്ബോള്‍ homogeneous അല്ലെങ്കില്‍ അതില്‍ നിന്നും കളര്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് തിരിച്ചറിയാം. കൂടാതെ പുറത്തു നിന്നും കളര്‍ ചേര്‍ത്താല്‍ തണ്ണിമത്തന്റെ അകത്തെ തോടിന്റെ വെള്ള ഭാഗങ്ങളിലും കളര്‍ വ്യാപിക്കാം.

ഇതില്‍ നിന്നൊക്കെ കളര്‍ ചേര്‍ത്തോ എന്ന് തിരിച്ചറിയാം. ആരോഗ്യ വകുപ്പും, പ്രാദേശിക ഗവണ്‍മെന്റ് ലാബുകളും അടിയന്തിരമായി ലാബുകളില്‍ ടെസ്റ്റുകള്‍ നടത്തി പൊതു ജനങ്ങളെ ഇതിന്റെ നിജസ്ഥിതി കൃത്യമായി ബോധ്യപ്പെടുത്തണെമന്നും എച്ച്‌ഐവി കലര്‍ന്ന ഓറഞ്ച് ,പ്ലാസ്റ്റിക്ക് മുട്ട/ കാബേജ്‌ഇവയൊക്കെ പോലെ ഇതും ഒരു ഹോക്സ് ആകാനാണ് സാധ്യത എന്നുമാണ് സുരേഷ് സി പിള്ള പറയുന്നത്.