പ്രവാസികള്‍ക്ക് ഉംറ തീർഥാടനത്തിനായി അഞ്ചു ബന്ധുക്കളെ വരെ കൊണ്ടുവരാൻ അനുമതി

single-img
27 March 2019

സൗദിയിൽ ഇഖാമയുള്ള വിദേശികൾക്കു ഉംറ തീർഥാടനത്തിനായി ബന്ധുക്കളെ കൊണ്ടുവരാൻ അനുമതി. സ്വദേശികൾക്കും വീദേശികൾക്കും, സ്വന്തം ഉത്തരവാദിത്വത്തിൽ അഞ്ചു ഉംറ തീർഥാടകരെ കൊണ്ടുവരാനുള്ള പദ്ധതി തുടങ്ങുമെന്നു ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

നിയമാനുസൃതം രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെയാണ് അതിഥികളായി ഉംറ വീസയില്‍ കൊണ്ടുവരാന്‍ അനുമതി. ഒരു വർഷത്തിനിടയിൽ മൂന്നു മുതൽ അഞ്ചു വരെ ബന്ധുക്കളെ തീർഥാടകരായി എത്തിക്കാനാകും. ഉംറത്തുല്‍ മുളീഫ് അഥവാ ഗസ്റ്റ് ഉംറ എന്നാണ് പദ്ധതിയുടെ പേര്.

ഉംറ തീര്‍ത്ഥാടകര്‍ പുണൃ നഗരിയിലെത്തി തിരികെ പോകുന്നതുവരെയുള്ള എല്ലാ ഉത്തരവാദിത്വവും ഉംറ അതിഥികളെ കൊണ്ടു വരുന്ന സ്വദേശിക്കൊ വിദേശിക്കൊ ആയിരിക്കുമെന്നു സൗദി ഹജജ് ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ അസിസ് വസ്സാന്‍ അറിയിച്ചു. തീര്‍ത്ഥാടകരുടെ യാത്ര, താമസം, ഭക്ഷണം, തിരികെ സ്വദേശത്തേക്ക് മടങ്ങി എന്ന ഉറപ്പുവരുത്തല്‍ എന്നിവയെല്ലാം ആതിഥേയന്റെ ഉത്തരവാദിത്വമായിരിക്കും.

സ്വദേശികൾക്ക് ആരെ വേണമെങ്കിലും ഉംറയ്ക്കായി സൌദിയിലെത്തിക്കാം. എന്നാൽ വിദേശികൾക്കു അടുത്ത ബന്ധുക്കളെ മാത്രമാണ് സ്വീകരിക്കാനാവുക. സ്വദേശികള്‍ക്ക് സിവില്‍ ഐ.ഡി ഉപയോഗിച്ചും വിദേശികള്‍ക്ക് ഇഖാമ നമ്പർ ഉപയോഗിച്ചും ഉംറ വീസക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാൽ വീസയുടെ കാലാവധി, പദ്ധതി എന്നു തുടങ്ങും തുടങ്ങിയ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.