ഐപിഎല്‍ കാണാന്‍ എത്തിയ ആളെ കണ്ട് ആരാധകര്‍ ഞെട്ടി; നീന്തല്‍ ഇതിഹാസം സാക്ഷാല്‍ മൈക്കിള്‍ ഫെല്‍പ്‌സ്

single-img
27 March 2019

ലോകമെമ്പാടും ആരാധകരുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ( ഐ പി എല്‍) മത്സരം കാണാന്‍ കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയ ആളിനെ കണ്ട് ആരാധകര്‍ അമ്പരന്നു. നീന്തല്‍ കുളങ്ങളില്‍ നിന്നും ഒളിമ്പിക്‌സ് സ്വര്‍ണങ്ങള്‍ വാരിയെടുത്ത സാക്ഷാല്‍ മൈക്കിള്‍ ഫെല്‍പ്‌സ്. ഐ പി എല്ലില്‍ ഡല്‍ഹി കാപ്പിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരം കാണാനായാണ് ഫെല്‍പ്‌സ് കോട്‌ല ഗ്യാലറിയിലെത്തിയത്.

ഒളിമ്പിക്‌സില്‍ 23 സ്വര്‍ണമെഡലുകള്‍ നേടിയ താരമാണ് അമേരിക്കയുടെ മൈക്കിള്‍ ഫെല്‍പ്‌സ്. ഇന്ത്യയില്‍ ഒരു സ്വകാര്യ പരിപാടിക്കെത്തിയ ഫെല്‍പ്‌സ് ക്രിക്കറ്റ് കളി കാണാനായി കയറുകയായിരുന്നു. ഇതേവരെ ക്രിക്കറ്റ് കളി കണ്ടിട്ടില്ലാത്ത ഫെല്‍പ്‌സ് ആദ്യമായാണ് ഒരു മത്സരം കാണുന്നതെന്ന് ബിസിസിഐ ഭാരവാഹി പറഞ്ഞു.

ഇന്ത്യയില്‍ കൂടുതല്‍ പ്രചാരമേറിയ കായികവിനോദം കാണാന്‍ ശരിയായ സമയത്താണ് ഫെല്‍പ്‌സ് എത്തിയത്. ഡല്‍ഹി കാപ്പിറ്റല്‍ ടീമിന്റെ അതിഥിയായാണ് അദ്ദേഹം ഗ്യാലറിയിലിരുന്നതെന്നും ഭാരവാഹി പറഞ്ഞു. ആദ്യമായി ഇന്ത്യയില്‍ എത്തിയ താരം മത്സരം ആരംഭിച്ചശേഷമാണ് ഗ്യാലറിയിലെത്തിയത്. ഒരു മണിക്കൂറോളം സമയം കളി വീക്ഷിച്ച അദ്ദേഹം മടങ്ങുകയും ചെയ്തു. ക്രിക്കറ്റ് അദ്ദേഹത്തിന് ഇഷ്ടമായോ എന്ന കാര്യം വ്യക്തമല്ല. യു എസില്‍ ഏറെ പ്രചാരമുള്ള ബേസ്‌ബോളുമായി സാമ്യമുള്ള ക്രിക്കറ്റിനെക്കുറിച്ച് ഫെല്‍പ്‌സ് അധികം സംസാരിച്ചതുമില്ല.