ഉപഗ്രഹവേധ മിസൈൽ പരീക്ഷണം വിജയം: ഇന്ത്യ ബഹിരാകാശ രംഗത്തെ വൻശക്തിയെന്ന് പ്രധാനമന്ത്രി

single-img
27 March 2019

ചാര ഉപഗ്രഹങ്ങളെ തകർക്കാൻ ശേഷിയുള്ള മിസൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വളരെ പ്രധാനപ്പെട്ട ഒരു കാര്യം അറിയിക്കാൻ താൻ രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ് എന്ന് ട്വിറ്ററിലൂടെ അറിയിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

താഴ്ന്ന പരിക്രമണപഥ (Low Earth Orbit) ത്തിലൂടെ സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളെ തകർക്കാൻ ശേഷിയുള്ള മിസൈലാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. 300 കിലോമീറ്റർ ഉയരത്തിലുള്ള ഉപഗ്രഹത്തെയാണ് വീഴ്ത്തിയത്. എ – സാറ്റ് (A-SAT) എന്നു പേരിട്ടിരിക്കുന്ന മിസൈലിന് ഏതെങ്കിലും ശത്രുരാജ്യം ചാരവൃത്തിക്കായി നിരീക്ഷണ ഉപഗ്രഹം ഉപയോഗിച്ചാല്‍ അതു നശിപ്പിക്കാൻ സാധിക്കും.

ഒഡിഷയിലെ കലാം ദ്വീപിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചതെന്നാണു സൂചന. ഇതിനെപ്പറ്റിയുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് ഈ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചിട്ടുള്ള മറ്റു മൂന്ന് രാജ്യങ്ങൾ.

സാധാരണ ഇന്ത്യ ലോ എർത്ത് ഓർബിറ്റിലേയ്ക്ക് ഉപഗ്രഹങ്ങൾ അയയ്ക്കാറില്ല. ഗവേഷണ ആവശ്യങ്ങൾക്കുള്ള ഉപഗ്രഹങ്ങൾ മീഡിയം എർത്ത് ഓർബിറ്റിലേയ്ക്കാണ് അയയ്ക്കാറുള്ളത്. എന്നാൽ അടുത്തിടെ ഇന്ത്യ ഒരു മൈക്രോസാറ്റ് (കൃത്രിമ ഉപഗ്രഹത്തിന്റെ ചെറുപതിപ്പ്) എൽഇഒയിലേക്ക് അയച്ചത് ചർച്ചാവിഷയമായിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ പ്രതിരോധ ആവശ്യങ്ങൾക്ക് അയച്ചതാണെന്നായിരുന്നു ഡിആർഡിഒ വ്യക്തമാക്കിയത്. ഈ മൈക്രോസാറ്റിനെയാണ് ഇപ്പോൾ മിസൈൽ ഉപയോഗിച്ചു തകർത്തതെന്നാണു കരുതുന്നത്.

“മിഷൻ ശക്തി” എന്നു പേരിട്ട ഈ ദൌത്യം രാജ്യത്തിനു അഭിമാനകരമാണെന്ന് മോദി പറഞ്ഞു. മൂന്നുമിനിട്ടിനുള്ളിൽ മിസൈൽ ലക്ഷ്യം ഭേദിച്ചു.