ഉപഗ്രഹ വേധ മിസൈൽ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് 2012-ൽ യുപിഎ സർക്കാരിന്റെ ഭരണകാലത്ത്: അഹമ്മദ് പട്ടേലിന്റ് ട്വീറ്റ്

single-img
27 March 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് അറിയിച്ച ഉപഗ്രഹ വേധ മിസൈൽ പരീക്ഷണം യുപിഎ സർക്കാർ തുടങ്ങിവെച്ച പദ്ധതിയുടെ ഫലമാണെന്ന് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ. ട്വിറ്ററിലൂടെയാണ് അഹമ്മദ് പട്ടേൽ ഇപ്രകാരം ആരോപിച്ചത്. തെളിവായി 2012-ലെ ട്ഐം ഓഫ് ഇന്ത്യയുടെ വാർത്തയും അദ്ദേഹം പങ്ക് വെച്ചിട്ടുണ്ട്.

സുപ്രധാനമായ ഒരു കാര്യം രാജ്യത്തെ അറിയിക്കാനുണ്ടെന്ന് ട്വീറ്റ് ചെയ്ത ശേഷമായിരുന്നു മോദിയുടെ പ്രഖ്യാപനം. തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മോദി എന്താണ് പ്രഖ്യാപിക്കാൻ പോകുന്നത് എന്ന് എല്ലാവരും ആകാംക്ഷയോടെ ഉറ്റു നോക്കിയിരിക്കെയാണ് ഉപഗ്രഹവേധ മിസൈലിന്റെ കാര്യം മോദി പ്രഖ്യാപിച്ചത്.

താഴ്ന്ന പരിക്രമണപഥ (Low Earth Orbit) ത്തിലൂടെ സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളെ തകർക്കാൻ ശേഷിയുള്ള മിസൈലാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. 300 കിലോമീറ്റർ ഉയരത്തിലുള്ള ഉപഗ്രഹത്തെയാണ് വീഴ്ത്തിയെന്നും ഈത് ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടമാണെന്നും മോദി പറഞ്ഞു.

എന്നാൽ ഈ സാങ്കേതി-കവിദ്യ ഇന്ത്യ 2012-ൽ തന്നെ ആർജ്ജിച്ചിരുന്നു എന്നാണ് വിദഗ്ദർ പറയുന്നത്. 2011-ൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഇന്റർസെപ്റ്റർ മിസൈലുകൾക്ക് ലോ എർത്ത് ഓർബിറ്റിലുള്ള പോളാർ ഉപഗ്രഹങ്ങളെ തകർക്കുവാനുള്ള ശേഷിയുണ്ടെന്ന് അന്നത്തെ പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് വി കെ സാരസ്വത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

“ഉപഗ്രഹവേധ മിസൈലുകൾ നിർമ്മിക്കുവാനുള്ള എല്ലാ സാങ്കേതികവിദ്യയും ഇന്ന് നമുക്കുണ്ട്. എന്നാൽ ബഹിരാകാശത്തെ ആയുധവൽക്കരിക്കുന്നത് ഇന്ത്യയുടെ നയത്തിനെതിരാണ്. സമാധാനപരമായി ബഹിരാകാശം ഉപയോഗിക്കുകയാണ് നമ്മുടെ ലക്ഷ്യം.” വികെ സാരസ്വത് പറഞ്ഞു. (ദി ഹിന്ദു 7 മാർച്ച് 2011).

ശത്രുക്കൾ അയയ്ക്കുന്ന മിസൈലുകളെ അന്തരീക്ഷത്തിൽ വെച്ച് തന്നെ തകർക്കാൻ ആന് ഇന്റർസെപ്റ്റർ മിസൈലുകൾ ഉപയോഗിക്കുന്നത്.

2012-ൽ ഇന്ത്യ വിക്ഷേപിച്ച 5500 കിലോമീറ്റർ പരിധിയുള്ള അഗ്നി-5 മിസൈൽ 600 കിലോമീറ്റർ വരെ ഉയരത്തിൽ പോകുവാൻ ശേഷിയുള്ളതായിരുന്നു. ഈ മിസൈലിന്റെ സാങ്കേതികവിദ്യയും ഉപഗ്രഹവേധ മിസൈൽ നിർമ്മിക്കുവാൻ ഉതകുന്നതായിരുന്നു. അന്ന് തന്നെ ഇന്ത്യ ഉപഗ്രഹവേധ മിസൈലുകൾ നിർമ്മിക്കുവാൻ പദ്ധതിയിട്ടിരുന്നതായി അന്നത്തെ ഇന്ത്യാ ടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ ഉണ്ട്.

എന്നാൽ ഈ മിസൈൽ ഇന്ത്യ ഉപഗ്രഹങ്ങളിൽ പരീക്ഷിക്കുകയില്ല എന്നാണ് വികെ സാരസ്വത് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അത്തരമൊരു പരീക്ഷണം ഉണ്ടാക്കുന്ന പൊടിപടലങ്ങൾ മറ്റു ഉപഗ്രഹങ്ങൾക്ക് അപകടമുണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് അത് ചെയ്യാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ASAT മിസൈലുകൾ വികസിപ്പിച്ചെടുത്താലും ഇന്ത്യ ഇലക്ട്രോണിക് സിമുലേഷനിലൂടെ മാത്രമേ അത് പരീക്ഷിക്കുകയുള്ളൂ എന്നാണ് അദ്ദേഹം അന്ന് പറഞ്ഞിരുന്നത്.

2102-ൽ ആരംഭിക്കുന്ന പദ്ധതി 2014 ആകുമ്പോഴേയ്ക്കും പൂർത്തിയാകുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ അഹമ്മദ് പട്ടേലിന്റെ അവകാശവാദം ശരിയാകാൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ യുപിഎ സർക്കാരിന്റെ കാലത്ത് വികസിപ്പിച്ചെടുത്ത ഒരു സാങ്കേതികവിദ്യ പരീക്ഷിക്കുക മാത്രമാണ് മോദി ഇപ്പോൾ ചെയ്തിരിക്കുന്നത്.