Movies, National

ബോളിവുഡ് നടി ഊര്‍മിള മാതോംഡ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

പ്രശസ്ത ബോളിവുഡ് നടി ഊര്‍മിള മാതോംഡ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് ഊര്‍മിള മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന് വിജയസാധ്യതയില്ലെന്ന് വിലയിരുത്തുന്ന മണ്ഡലത്തില്‍ ഊര്‍മിള സ്ഥാനാര്‍ഥിയാകുന്നതോടെ മുംബൈ നോര്‍ത്ത് തിരിച്ചു പിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

ഊര്‍മിളയുടെ പേര് സജീവ പരിഗണനയിലാണെന്നും ഔദ്യോഗിക തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. സിനിമാതാരങ്ങളെ ഇറക്കി പലകുറി മുംബൈ നോര്‍ത്ത് മണ്ഡലം പിടിച്ചെടുത്തിട്ടുണ്ട് കോണ്‍ഗ്രസ്.

പ്രശസ്ത സിനിമാതാരവും പ്രമുഖ കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന സുനില്‍ ദത്ത് അഞ്ചുവട്ടം ജയിച്ചു കയറിയ മണ്ഡലമാണ് മുംബൈ നോര്‍ത്ത്. 2004 ല്‍ നടന്‍ ഗോവിന്ദ മത്സരിച്ചപ്പോഴും വിജയം കൂടെ നിന്നു. 2009 ല്‍ സുനില്‍ ദത്തിന്റെ മകളും സഞ്ജയ് ദത്തിന്റെ സഹോദരിയുമായ പ്രിയ ദത്തും ഇവിടെ ജയിച്ചു കയറി.

2014 ല്‍ പ്രിയക്ക് ഒരു അവസരം കൂടി നല്‍കിയെങ്കിലും യുവമോര്‍ച്ച ദേശീയ അധ്യക്ഷ പൂനം മഹാജനോട് 1.86 ലക്ഷം വോട്ടിനു തോറ്റു. ഊര്‍മിളയിലൂടെ ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ബി.ജെ.പിയുടെ ഗോപാല്‍ ഷെട്ടിയാണ് ഇത്തവണ ഇവിടെ സ്ഥാനാര്‍്ത്ഥി.