കോവളത്ത് അജ്ഞാത ഡ്രോൺ പറത്തിയവരെ കണ്ടെത്തി; രാത്രിയിൽ പൊലീസ് ആസ്ഥാനത്തിന് മുകളിലും അജ്ഞാത് ഡ്രോൺ

single-img
26 March 2019

കോവളം ഭാഗത്ത് രാത്രിയിൽ അജ്ഞാത ഡ്രോൺ പറത്തിയവരെ പൊലീസ് കണ്ടെത്തി. റെയിൽവേ പാതാ വികസനവുമായി ബന്ധപ്പെട്ട് സർവ്വേ നടത്തുന്ന കമ്പനിയുടെ ഡ്രോൺ നിയന്ത്രണം വിട്ട് കോവളത്തെത്തിയതാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. കമ്പനിയുടെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.

റെയിൽവേയ്ക്ക് വേണ്ടി സർവ്വേ നടത്തുന്ന മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്‍ട്രോണ്‍ സൊല്യൂഷന്‍ കമ്പനിയുടെ ഡ്രോൺ ആണ് നിയന്ത്രണം വിട്ട് കോവളം ഭാഗത്തുകൂടി പറന്നത്. മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പറക്കാന്‍ ശേഷിയുള്ള ഡ്രോണ്‍, ജീവനക്കാര്‍ കാറിലിരുന്ന് പ്രവര്‍ത്തിപ്പിക്കുമ്പോഴാണ് നിയന്ത്രണം വിട്ട് പറന്നത്.

നാലു ദിവസം മുന്‍പാണ് കോവളം കടല്‍ത്തീരത്ത് ‘അജ്ഞാത ഡ്രോണ്‍’ പറന്നത്. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് രാത്രി 1 മണിയോടെ ഡ്രോണ്‍ പറക്കുന്നത് കണ്ടത്. പിന്നീട് കോവളം, കൊച്ചുവേളി, ശംഖുമുഖം ഭാഗത്തുള്ളവരും ഡ്രോണ്‍ പറക്കുന്നത് കണ്ടു. വിഎസ്എസ്‌സിയിലെ സുരക്ഷാ ഉദ്യോഗസ്ഥരും ഡ്രോണ്‍ കണ്ടതായി അറിയിച്ചതോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

സ്വകാര്യ കമ്പനികൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡ്രൊണിന്റെ ഉടമകളെ തിരിച്ചറിഞ്ഞത്. എന്നാൽ ഡ്രോൺ പറത്താൻ ഏജൻസി അനുവാദം ചോദിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, ഇന്നലെ സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളിൽ വീണ്ടും സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോൺ ക്യാമറ കണ്ടു. പൊലീസ് ആസ്ഥാനത്ത് സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോൺ ക്യാമറ കണ്ടതായി റിപ്പോർട്ട് നൽകിയത്. പൊലീസ് ആസ്ഥാനത്തിന്‍റെ അഞ്ചാം നിലയ്ക്ക് സമീപമാണ് ഡ്രോൺ ക്യാമറ പറന്നത്.

അതിനു പിന്നാലെ അതീവ സുരക്ഷാ മേഖലയായ പത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്തും ഡ്രോണ്‍ പറന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ ദൃശ്യം പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ക്യാമറയിൽ പതിഞ്ഞതായും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ഈ സംഭവങ്ങളിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.