അഞ്ചുകോടിയോളം കുടുംബങ്ങൾക്കു വർഷം 72,000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടിൽ; ബിജെപിയെ ഞെട്ടിപ്പിച്ച് രാഹുൽഗാന്ധി `ന്യായ്´ പ്രഖ്യാപിച്ചു

single-img
26 March 2019

ലോക്സഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിയാൽ പാവപ്പെട്ട കുടുംബങ്ങൾക്ക് വർഷം 72,000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നൽകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.‘ന്യൂനതം ആയ് യോജന (ന്യായ് -കുറഞ്ഞ വരുമാന പദ്ധതി)’ എന്ന പദ്ധതിയടങ്ങിയ പ്രകടനപത്രികയ്ക്ക് തിങ്കളാഴ്ച കോൺഗ്രസ് പ്രവർത്തകസമിതി യോഗം അംഗീകാരം നൽകി. ജനസംഖ്യയുടെ 20 ശതമാനം വരുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം കുറഞ്ഞത് 12,000 രൂപയെങ്കിലും വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്.

അഞ്ചുകോടിയോളം കുടുംബങ്ങളിലെ 25 കോടിയോളം ജനങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ‘ഓരോ കുടുംബത്തിന്റെയും കുറഞ്ഞവരുമാനം 12,000 ആവണമെന്നാണ് തീരുമാനം. ഏതെങ്കിലും കുടുംബത്തിന് അതിൽ കുറവാണ് വരുമാനമെങ്കിൽ ആ തുക സർക്കാർ നൽകും. നാലഞ്ചുമാസം പരിശ്രമിച്ചാണ് ഇങ്ങനെയൊരു പദ്ധതി തയ്യാറാക്കിയത്. ഇത്‌ പൂർണമായും പ്രാവർത്തികമാക്കാൻ പറ്റുന്നതാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ വളരെ പിന്നാക്കം നിൽക്കുന്നവർക്ക് ന്യായം ഉറപ്പാക്കും. ഈ പ്രഖ്യാപനം ചരിത്രനിമിഷമാണ്. 21-ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ദാരിദ്ര്യം ഇല്ലാതാക്കും. ദരിദ്രരുണ്ട് എന്നത് കോൺഗ്രസിന് അംഗീകരിക്കാനാവില്ല’ -രാഹുൽ പറഞ്ഞു.

ദാരിദ്ര്യത്തിനെതിരായ അന്തിമപോരാട്ടമാണ് പദ്ധതിയെന്നും ചരിത്രനിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് നീതി എന്നർഥംവരുന്ന ‘ന്യായ്’ എന്ന ചുരുക്കപ്പദവും വിശദീകരണവും നിർദേശിച്ചത് പ്രിയങ്കാ ഗാന്ധിയാണ്. അഹമ്മദാബാദിൽ ആദ്യത്തെ പ്രവർത്തകസമിതി യോഗത്തിൽ പങ്കെടുക്കുമ്പോഴാണിത്.

പദ്ധതിക്ക് എങ്ങനെ പണം കണ്ടെത്തും, ഏതു രീതിയിലാണ് നടപ്പാക്കുക തുടങ്ങിയ വിശദാംശങ്ങൾ പ്രകടനപത്രിക തയ്യാറാക്കാൻ നേതൃത്വംനൽകിയ മുൻ ധനമന്ത്രി പി. ചിദംബരവും വിദഗ്ധരും പിന്നീട് വിശദീകരിക്കുമെന്നും രാഹുൽ പറഞ്ഞു. രണ്ടുദിവസത്തിനകം വിശദവിവരങ്ങൾ ചിദംബരം പ്രഖ്യാപിക്കുമെന്നാണ് സൂചന.