‘മത്സരിക്കില്ലെന്ന് പറയാന്‍ പറഞ്ഞു’; ബിജെപിയെ വെട്ടിലാക്കി മുരളീ മനോഹര്‍ ജോഷി

single-img
26 March 2019

മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നാലെ മറ്റൊരു പ്രധാന നേതാവായ മുരളീ മനോഹര്‍ ജോഷിക്കും ബിജെപി സീറ്റ് നിഷേധിച്ചു. നിലവില്‍ കാണ്‍പൂരില്‍ നിന്നുള്ള എം.പിയാണ് 85 കാരനായ മുരളീ മനോഹര്‍ ജോഷി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്റെ സ്ഥിരം മണ്ഡലമായ വാരണാസി നരേന്ദ്ര മോദിക്ക് വേണ്ടി ഒഴിഞ്ഞ് കൊടുത്താണ് ജോഷി കാണ്‍പൂരിലെത്തിയത്.

കാണ്‍പൂരില്‍ മത്സരിക്കരുതെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടതായി ജോഷി വോട്ടര്‍മാരെ അറിയിച്ചു. ബിജെപി ജനറല്‍ സെക്രട്ടറി രാം ലാല്‍ ആണ് ജോഷിയെ നേരില്‍ക്കണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം അദ്ദേഹം നിഷേധിച്ചു.

പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നേരിട്ടെത്തി തന്നോട് വിശദീകരിച്ചാല്‍ മാത്രമേ അംഗീകരിക്കുകയുള്ളു എന്ന് ജോഷി രാം ലോലിനോട് അറിയിച്ചു. നേരിട്ട് അറിയിക്കാന്‍പോലും മാന്യത കാട്ടാതെ ദൂതന്‍വഴി അറിയിച്ചത് അങ്ങേയറ്റം അവഹേളനപരമാണെന്ന് ജോഷി രാം ലാലിനോട് പ്രതികരിച്ചതായി വിശ്വസനീയ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

സിറ്റിംഗ് എംപി എന്ന നിലയിലാണ് മത്സരിക്കാന്‍ തയാറെടുത്തത്. അവര്‍ക്കെന്നെ അഭിമുഖീകരിക്കാന്‍ എന്താണ് പേടിയെന്ന് ജോഷി ചോദിച്ചതായി പറയുന്നു. ഇതിനു പിന്നാലെ കാണ്‍പൂരില്‍ മത്സരിക്കരുതെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടതായി ജോഷി കുറിപ്പിറക്കി. കാണ്‍പൂരില്‍ ഉള്‍പ്പെടെ ഒരു മണ്ഡലത്തിലും മത്സരിക്കരുതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാംലാല്‍ തന്നോട് അറിയിച്ചു, തിങ്കളാഴ്ച ഇറക്കിയ ചെറുകുറിപ്പില്‍ ജോഷി പറഞ്ഞു.

കാണ്‍പൂരില്‍ വീണ്ടും മത്സരിക്കാന്‍ ജോഷി തയാറെടുക്കുന്നതിനിടെയാണ് പാര്‍ട്ടി വെട്ടിനിരത്തല്‍ നടത്തിയത്. മുതിര്‍ന്ന നേതാവ് എല്‍.കെ അഡ്വാനിക്കും ബിജെപി സീറ്റ് നല്‍കിയില്ല. ഇവരെക്കൂടാതെ മുതിര്‍ന്ന നേതാക്കളായ കല്‍രാജ് മിശ്ര, ശാന്ത കുമാര്‍, കരിയ മുണ്ഡ എന്നിവര്‍ക്കും ബിജെപി സീറ്റ് നിഷേധിച്ചിരുന്നു.

2014ല്‍ ബിജെപി അധികാരത്തിലേറിയ ഉടന്‍ അദ്വാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടി ഉപദേശക സമിതിയിലേക്ക് മാറ്റിയിരുന്നു. അരുണ്‍ ഷോരി, യശ്വന്ത് സിന്‍ഹ, മുരളീ മനോഹര്‍ ജോഷി എന്നിവരായിരുന്നു ബിജെപി ഉപദേശക സമിതി പാനലിലുണ്ടായിരുന്നത്.

തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷങ്ങളിലായി ഈ നേതാക്കളെ സുപ്രധാന ചുമതലകളില്‍ നിന്നും പാര്‍ട്ടി പരിപാടികളില്‍ മാറ്റി നിര്‍ത്തുകയും ചെയ്തു. പിന്നീട് അദ്വാനി ഒഴികെയുള്ള മറ്റു നേതാക്കളെല്ലാം മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകരമായി മാറുകയുമുണ്ടായി.