ചാലക്കുടിയില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറില്ല: ജേക്കബ് തോമസ്

single-img
26 March 2019

ചാലക്കുടിയില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറില്ലെന്നു ജേക്കബ് തോമസ്. വിആര്‍എസിന് അപേക്ഷ നല്‍കിയ സാഹചര്യത്തില്‍ സ്വയം വിരമിച്ചതായാണ് താന്‍ കണക്കാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘1958 ലെ നിയമമനുസരിച്ചാണ് അപേക്ഷ നല്‍കുന്നത്. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവരെ ഇനിയും ജോലി ചെയ്യണമെന്ന് നിര്‍ബന്ധിക്കാന്‍ ആര്‍ക്കുമാകില്ല. അല്ല ഇദ്ദേഹത്തെ വിരമിക്കാന്‍ അനുവദിക്കില്ല, ജോലി ചെയ്യിച്ചേ മതിയാകൂ എന്ന് ആര്‍ക്കെങ്കിലും നിര്‍ബന്ധമുണ്ടെങ്കില്‍ അപ്പോള്‍ നോക്കാം.’

‘2017 മുതല്‍ എനിക്ക് ജോലിയില്ല. വണ്ടിയില്ല. ഓഫീസില്ല. സസ്‌പെന്‍ഷനിലാണെങ്കിലും ഒരു അലവന്‍സ് ലഭിക്കുന്നുണ്ട്. ഒരു ജോലിയും ചെയ്യാത്ത ഒരാള്‍ക്ക് നികുതിദായരുടെ പണം ഇങ്ങനെ വെറുതേ കൊടുക്കുന്നത് ശരിയാണോ’ എന്നും അദ്ദേഹം ചോദിച്ചു.

ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയായല്ല തിരഞ്ഞെടുപ്പ് വിദ്യാര്‍ഥിയായാണ് എത്തുന്നത്. ഏത് ജോലി ചെയ്യുന്നവര്‍ക്കും സ്ഥാനാര്‍ഥിയാകാമെന്നും ജോലി സംബന്ധിച്ച വിവേചനം പാടില്ലെന്നുമാണ് ജനപ്രാതിനിധ്യ നിയമം പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.