രാഹുൽ ഗാന്ധി ശിവന്റെ അവതാരമെങ്കിൽ വിഷം കഴിച്ച് തെളിയിക്കട്ടെ: ഗുജറാത്ത് മന്ത്രി

single-img
26 March 2019

രാഹുൽ ഗാന്ധി ശിവന്റെ അവതാരമാണെങ്കിൽ വിഷം കഴിച്ച് തെളിയിക്കണമെന്ന് ഗുജറാത്ത് മന്ത്രി. ഗുജറാത്ത് മന്ത്രിസഭയിലെ പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഗൺപത് വാസവയാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

രാ‍ഹുൽ ഗാന്ധി ഹിന്ദു ദൈവമായ ശിവന്റെ അവതാരമാണെന്ന തരത്തിലുള്ള പോസ്റ്ററുകൾ ഗുജറാത്തിലെ ചില സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് വാസവ ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയത്.

“ കോൺഗ്രസ് പ്രവർത്തകർ അവകാശപ്പെടുന്നത് രാഹുൽ ഗാന്ധി ശിവന്റെ അവതാരമാണെന്നാണ്. ശിവഭഗവാൻ ആളുകളെ രക്ഷിക്കാൻ വേണ്ടി പലപ്പോഴും വിഷം കുടിച്ചിട്ടുണ്ട്.
കോൺഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധിയെക്കൊണ്ട് അരക്കിലോ വിഷം കഴിപ്പിക്കട്ടെ. അതിനു ശേഷവും അദ്ദേഹം ജീവിച്ചിരിക്കുകയാണെങ്കിൽ അദ്ദേഹം ശിവന്റെ അവതാരമാണെന്ന് വിശ്വസിക്കാൻ ഞങ്ങൾ തയ്യാറാണ്.” – വാസവ പറഞ്ഞു.

സമാനമായ ഒരു പ്രസ്താവന മറ്റൊരു ബിജെപി നേതാവായ കമൽ പട്ടേലും നടത്തിയിട്ടുണ്ട്. എല്ലാ കാര്യങ്ങൾക്കും തെളിവ് ആവശ്യപ്പെടുന്ന കോൺഗ്രസുകാർ ഇക്കാര്യവും തെളിയിക്കണമെന്നായിരുന്നു പട്ടേലിന്റെ ആവശ്യം. വിഷം കഴിച്ച ശേഷവും അദ്ദേഹം ജീവിച്ചിരിക്കുകയാണെങ്കിൽ അദ്ദേഹത്തെ ശിവനെപ്പോലെ കരുതി ആരാധിക്കാൻ തങ്ങൾ തയ്യാറാണെന്നായിരുന്നു പട്ടേലിന്റെ പ്രസ്താവന.