Kerala, Lok Sabha Election 2019

ഡീന്‍കുര്യക്കോസിന്റെ പ്രചരണത്തിന് സ്വന്തം കീശയില്‍ നിന്ന് പണംമുടക്കി പ്രവര്‍ത്തകര്‍

കൊടും ചൂടിനെ വെല്ലുന്ന പോരാട്ടമാണ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍. തിരഞ്ഞെടുപ്പിന് 4 ആഴ്ചകള്‍ മാത്രം അവശേഷിക്കെ പരമാവധി വോട്ടര്‍മാരെ നേരിട്ടു കണ്ട് വോട്ടുകള്‍ ഉറപ്പാക്കുകയാണു സ്ഥാനാര്‍ഥികള്‍. യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്, ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ് എന്നിവര്‍ തീപാറുന്ന പ്രചാരണത്തിലാണ്. 2014 ല്‍ ഡീന്‍ കുര്യാക്കോസിനെതിരേ 50,542 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജോയ്‌സ് ജോര്‍ജ് ഇവിടെ വെന്നിക്കൊടി പാറിച്ചത്.

മണ്ഡലം തിരിച്ചുപിടിക്കാന്‍ യുവാക്കളുടെ കരുത്തിലാണ് ഇത്തവണ ഡീന്‍ കുര്യാക്കോസിന്റെ പോരാട്ടം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്രമം തയ്യാറാക്കുന്നതും തന്ത്രങ്ങള്‍ മെനയുന്നതും യു.ഡി.എഫ് പ്രവർത്തകരാണു. ഇടുക്കി മണ്ഡലത്തില്‍ ഡീന്‍ കുര്യക്കോസ് പ്രചാരണത്തിന് എത്തുന്നിടത്തെല്ലാം യുവാക്കളുടെ കൂട്ടവും ആവേശവുമാണ്.

പക്ഷേ വേണ്ടത്ര ഫണ്ടില്ലാത്തതാണ് ഡീന്‍ കുര്യാക്കോസിന് വിലങ്ങു തടിയാകുന്നത്. ഓരോ ബൂത്തിലും പ്രവര്‍ത്തകര്‍ സ്വന്തം കയ്യില്‍ നിന്ന് പണംമുടക്കിയാണ് പോസ്റ്റര്‍ അടിക്കുന്നതും ചുവരെഴുത്തും മറ്റു പ്രചരണങ്ങളുമെല്ലാം. പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര ഫണ്ട് ലഭ്യമാക്കാത്തതാണ് ഇതിനു കാരണമെന്നാണ് വിവരം.

സമ്പന്നനായ ജോയ്‌സ് ജോര്‍ജിനോട് ഏറ്റുമുട്ടുമ്പോള്‍ പണത്തിന്റെ അപര്യാപ്തത പ്രചരണ പ്രവര്‍ത്തനങ്ങളുടെ ശോഭ കുറക്കുന്നതായി അണികള്‍ തന്നെ പറയുന്നു. സാധാരണഗതിയില്‍ സ്ഥലത്തെ പ്രമാണിമാരും ബിസിനസ്സുകാരും സ്ഥാനാര്‍ത്ഥികള്‍ക്ക് പണം നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ അതും ലഭിച്ചിട്ടില്ലെന്നാണ് വിവരം.

ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് പരമാവധി ചെലവാക്കാന്‍ അനുവാദമുള്ള തുക ഇത്തവണ 70 ലക്ഷമാണ്. ‘ഇന്നത്തെക്കാലത്ത് മൂക്കിപ്പൊടി വാങ്ങാന്‍ തികയുമോ ഈ 70 ലക്ഷം’ എന്നാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍ ചോദിക്കുന്നത്. എന്നാല്‍ 70 ലക്ഷം പോലും എടുക്കാനില്ലെന്നാണ് ഡീന്‍ കുര്യാക്കോസുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രവര്‍ത്തകര്‍ പറയുന്നത്.

ഒരു തെരഞ്ഞെടുപ്പില്‍ വരുന്ന ചെലവുകള്‍ ഇങ്ങനെ:

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന പാടെ ആദ്യം വരുന്ന ചെലവ്, മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയാണ്. ആദ്യഘട്ടത്തില്‍ ബൂത്ത് ഒന്നിന് 3 വലിയ ബോര്‍ഡ് വെച്ചെങ്കിലും കൊടുക്കേണ്ടി വരും.

അടുത്ത ഘട്ടം സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വലിയ ബോര്‍ഡുകളാണ്. അപ്പോഴും വേണ്ടി വരും ബൂത്ത് ഒന്നിന് രണ്ടു ബോര്‍ഡെങ്കിലും വെച്ച്.

മൂന്നാം ഘട്ടം തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് കൊഴുപ്പിക്കാന്‍ വേണ്ടി ഒരു സെറ്റ് ബോര്‍ഡുകൂടി കേറും. ഹൈക്കോടതി വിധിപ്രകാരം ഫ്‌ളക്‌സ് ഉപയോഗിക്കാന്‍ പാടില്ലെന്നു വരുമ്പോള്‍, ഫ്‌ളക്‌സിനേക്കാള്‍ ചെലവ് കാര്യമായി കൂടും.

90 ലക്ഷം മുതല്‍ ഒരു കോടി വരെ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തന്നെ ചെലവാകുമെന്നാണ് വിവരം.

ലഘുലേഖകള്‍ അച്ചടിച്ച് വിതരണം ചെയ്യാനുള്ള ചിലവ്. ഇത് ഒരു ബൂത്തിന് 400-500 കോപ്പി വെച്ച് ഏകദേശം അഞ്ചുലക്ഷമെങ്കിലും ലഘുലേഖയും അടിച്ചുകൂട്ടണം. ഒന്നിന് 23 രൂപവെച്ച് ഇതിനു വരുന്ന ചെലവ് ചുരുങ്ങിയത് പത്തുലക്ഷമെങ്കിലും വരും.

അടുത്ത ചെലവ് ബൂത്തുകളിലേക്കുള്ള ‘ഇന്‍ ഏജന്റ് കിറ്റ്’ തയ്യാറാകുന്നതിന്റേതാണ്. സംഘടിതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ രാഷ്ട്രീയപാര്‍ട്ടികളും തങ്ങളുടെ ബൂത്തുകളില്‍ ഇന്‍ ഏജന്റ്മാര്‍ക്ക് നല്‍കുന്ന ഒരു കവറാണിത്. ബൂത്ത് ഒന്നിന് നാലുവീതം വോട്ടര്‍ പട്ടിക, ഇന്‍ ഏജന്റ് അപേക്ഷാ ഫോറം, പേന, പെന്‍സില്‍, കുത്തിക്കെട്ടാനുളള നൂല് തുടങ്ങി പത്തുപതിനെട്ടിനം സാധനങ്ങളുണ്ടാവും ഇതില്‍. ഒരു കവറിന് ചുരുങ്ങിയത് 200 രൂപയെങ്കിലും വരും.

ഇനി ചുവരെഴുത്തിന്റെ ചെലവുകള്‍ വേറെ. ഓരോ ബൂത്തിലും ചുരുങ്ങിയത് 5000 രൂപയെങ്കിലും ചെലവാകും ഒരു ചുവരെഴുതാന്‍.

പ്രചാരണ വാഹനങ്ങളുടെ വാടക. പ്രവര്‍ത്തകര്‍ക്ക് കാപ്പി, ഊണ്, അത്താഴം എന്നിവ. പിന്നെ പ്രതിനിധികളുടെ നിലവാരമനുസരിച്ച് ഇന്നോവ മുതല്‍ ട്രാക്‌സ് വരെയുള്ള വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കണം. ഇലക്ഷന്റെ തലേന്ന് ഈ ചെലവുകള്‍ ഇരട്ടിക്കും. ഭക്ഷണത്തിനും യാത്രാച്ചെലവുകള്‍ക്കും പുറമെ കലാശക്കൊട്ടിനുള്ള ദ്രാവകം സപ്ലൈ ചെയ്യുന്നതിനുള്ള ചെലവുകള്‍ വേറെയും വരും.

ഇതിനുപുറമെ FM റേഡിയോ, ടെലിവിഷന്‍ ചാനലുകള്‍, ഫെയ്‌സ് ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ എല്ലാ മാധ്യമങ്ങളിലും പ്രചാരണം നടത്തുന്നതിന് പ്രൊഫഷണല്‍ ആയ കമ്പനികളുടെ സേവനം ലഭ്യമാണ് അവര്‍ക്കൊക്കെ ഭാരിച്ച പ്രതിഫലവും നല്‍കേണ്ടി വരും.

ഓരോ തെരഞ്ഞെടുപ്പിനു മാപ്പിളപ്പാട്ട്, പാരഡി വിദഗ്ധരെക്കൊണ്ട് പാട്ടെഴുതിച്ച് പ്രൊഫഷണലായ സ്റ്റുഡിയോകളില്‍ നല്ല നിലവാരത്തില്‍ റെക്കോര്‍ഡ് ചെയ്‌തെടുത്താണ് ഇപ്പോഴൊക്കെ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്നത്. അതിനും അതിന്റേതായ ചെലവുകള്‍ വരും. ഇങ്ങനെ കോടികളാണ് സ്ഥാനാര്‍ത്ഥികളുടെ കീശയില്‍ നിന്നും പൊടിയുന്നത്. പക്ഷേ ഇതൊന്നും കണക്കുകളില്‍ വരില്ലെന്നു മാത്രം.

ഇടുക്കി ലോക്‌സഭാ മണ്ഡലം:

1977ലാണ് ഇടുക്കി ലോക്‌സഭാ മണ്ഡലം രൂപീകരിക്കുന്നത്. ഇടുക്കി, തൊടുപുഴ, ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട്, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇടുക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയും തൊടുപുഴയും ഒഴിച്ചുള്ള മണ്ഡലങ്ങള്‍ ഇടതുമുന്നണിക്കൊപ്പമാണ്.

ഇടുക്കിയിലും തൊടുപുഴയിലും കേരള കോണ്‍ഗ്രസ് (എം) വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് പ്രതിനിധിയില്ലാത്ത ജില്ല കൂടിയാണ് ഇടുക്കി. 1977 ലെ ഇടുക്കിയിലെ ആദ്യ തെരഞ്ഞൈടുപ്പില്‍ കോണ്‍ഗ്രസിലെ സി.എം സ്റ്റീഫനായിരുന്നു വിജയി. 1980 ല്‍ കേരള കോണ്‍ഗ്രസിലെ ടി.എസ്. ജോണിനെ പരാജയപ്പെടുത്തി സി.പി.എം നേതാവ് എം.എം ലോറന്‍സ് വിജയിച്ചു. ഭൂരിപക്ഷം 7033. 1984 ല്‍ സി.പി.ഐ. നേതാവ് സി.എ കുര്യനെതിരേ 1,30, 624 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി.ജെ. കുര്യനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു.

1989 ല്‍ സി.പി.എമ്മിലെ എം.സി. ജോസഫൈനെ 91,479 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പിച്ച് കോണ്‍ഗ്രസിലെ പാലാ കെ.എം മാത്യു മണ്ഡലം നിലനിര്‍ത്തി. 1991 ലും മാത്യുവിന് തന്നെയായിരുന്നു വിജയം. 1996 ല്‍ കേരള കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജിനെ 30,140 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ എ.സി. ജോസ് വിജയിച്ചു.

1998 ല്‍ ഇടതുസ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ പി.സി ചാക്കോ വിജയിച്ചു. ഭൂരിപക്ഷം 6350. 1999 ല്‍ ഫ്രാന്‍സിസ് ജോര്‍ജ് മണ്ഡലം ഇടതുമുന്നണിക്കായി തിരിച്ചുപിടിച്ചു. പി.ജെ കുര്യനായിരുന്നു എതിരാളി. 2004 ല്‍ ഫ്രാന്‍സിസ് ജോര്‍ജ് വിജയം ആവര്‍ത്തിച്ചു. ഭൂരിപക്ഷം 69,384. തോറ്റത് കോണ്‍ഗ്രസിന്റെ ബെന്നി ബെഹന്നാന്‍.

2009 ല്‍ 74,796 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി.ടി. തോമസിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരികെ പിടിച്ചു. 2014 ല്‍ കോണ്‍ഗ്രസിലെ ഡീന്‍ കുര്യാക്കോസിനെതിരേ 50,542 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജോയ്‌സ് ജോര്‍ജിലൂടെ ഇടതുപക്ഷം മണ്ഡലം തിരികെ പിടിച്ചു.