പതിമൂന്ന് വയസില്‍ താഴെയുള്ള കുട്ടികള്‍ വാഹനത്തിന്റെ മുന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നത് വിലക്കി; ചൈല്‍ഡ് സീറ്റ് നിര്‍ബന്ധം

single-img
26 March 2019

പതിമൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ വാഹനങ്ങളുടെ മുന്‍സീറ്റില്‍ യാത്ര ചെയ്യുന്നത് ബാലാവകാശകമ്മീഷന്‍ വിലക്കി. അപകടങ്ങളില്‍ പരിക്കേല്‍ക്കാനും ജീവഹാനി ഉണ്ടാകാനും സാധ്യത കൂടുതലാണെന്ന് കണ്ടാണ് നടപടി. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ വാഹനങ്ങളില്‍ കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്തണം.

കുട്ടികള്‍ക്ക് വേണ്ടിയുള്ള സീറ്റ് (ചൈല്‍ഡ് സീറ്റ്) നിര്‍ബന്ധമാക്കാന്‍ നിയമഭേദഗതി വരുത്താനും മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്‍കി. മുതിര്‍ന്ന യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടെങ്കിലും അപകടമുണ്ടാകുമ്പോള്‍ കുട്ടികള്‍ പിടിവിട്ട് തെറിച്ചുപോകാനുള്ള സാധ്യതയുണ്ട്.

ചൈല്‍ഡ് സീറ്റിനായി ബോധവത്കരണം നടത്തുന്നതിന് ഗതാഗത കമ്മീഷണറും വനിതാശിശു വികസന വകുപ്പും നടപടിയെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. സംഗീതജ്ഞന്‍ ബാലഭാസ്‌കറും രണ്ടുവയസ്സുകാരി മകള്‍ തേജസ്വിനിയും മരിച്ച അപകടത്തെത്തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ എടുത്ത കേസിലാണ് നടപടി.