പശു സംരക്ഷകര്‍ ‘അഴിഞ്ഞാടിയിട്ടും’ മോദി ഭരണത്തില്‍ ബീഫ് കയറ്റുമതി കൂടി: കണക്കുകള്‍ പുറത്ത്

single-img
26 March 2019

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. വര്‍ഷത്തില്‍ 400കോടി ഡോളറിന്റെ പോത്തിറച്ചിയാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്. 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഇറച്ചി കയറ്റുമതിയില്‍ കുറവുണ്ടായതായാണ് ഹ്യുമന്‍ റൈറ്റ്‌സ് വാച്ച്(എച്ച്.ആര്‍. ഡബ്ല്യു) റിപ്പോര്‍ട്ട് വ്യക്തമാക്കിയത്.

എന്നാല്‍ വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള അഗ്രികള്‍ച്ചറല്‍ പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് അതോറിറ്റി (എ.പി.ഇ.ഡി) കണക്കുകള്‍ പ്രകാരം മോദി ഭരണകാലത്ത് പോത്തിറച്ചി കയറ്റുമതിയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തിയതായി വ്യക്തമാക്കുന്നു.

കണക്കനുസരിച്ച് 2014 ആണ് ഇറച്ചി ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്ത വര്‍ഷം. 2013-2014ല്‍ 13,65,643 മെട്രിക് ടണ്‍ ഇറച്ചി കയറ്റുമതി ചെയ്ത സ്ഥാനത്ത് 2014-15ല്‍ ഇത് 14,75,540 മെട്രിക്- ടണ്‍ ആയി ഉയര്‍ന്നു. പത്ത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന അളവായിരുന്നു ഇത്.

2015 സെപ്തംബറില്‍ ഗോമാംസം കൈവശം വെച്ചതായി ആരോപിച്ച് ഗോരക്ഷാ ഗുണ്ടകള്‍ മുഹമ്മദ് അഖ്‌ലാക്കിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആ വര്‍ഷം ഇറച്ചി കയറ്റുമതിയില്‍ കുറവ് വന്നു. എന്നാല്‍ തുടര്‍ന്ന് വന്ന രണ്ട് സാമ്പത്തിക വര്‍ഷത്തിലും ഇറച്ചി കയറ്റുമതിയില്‍ വര്‍ധനയുണ്ടായി.

2016-17ല്‍ കയറ്റുമതിയില്‍ 1.2 ശതമാനം വര്‍ധിച്ച് 13,30,013 മെട്രിക് ടണ്‍ ആയി ഉയര്‍ന്നു. 2017-18ല്‍ കയറ്റുമതി മുന്‍ വര്‍ഷത്തേതിനേക്കാള്‍ 1.3 ശതമാനം വര്‍ധിച്ച് 13,48,225 മെട്രിക് ടണ്‍ ആയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഈ അടുത്ത കാലത്തായി കയറ്റുമതി അളവിനൊപ്പം മൂല്യവും വര്‍ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.