അശ്വിന്റെ ‘ചതിപ്രയോഗം’ ഇതാദ്യമായല്ല; ശ്രീലങ്കന്‍ താരം ലാഹിരു തിരിമാനയേയും ഇത്തരത്തില്‍ പുറത്താക്കാന്‍ ശ്രമിച്ചു; അപ്പീല്‍ സെവാഗ് പിന്‍വലിച്ചു: വീഡിയോ

single-img
26 March 2019

ഐപിഎല്ലിലെ വിവാദ വിക്കറ്റിന്റെ പേരില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍. അശ്വിനെതിരേ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ജോസ് ബട്‌ലറെ പുറത്താക്കാന്‍ അശ്വിന്‍ കുപ്രസിദ്ധമായ ‘മങ്കാദിംഗ്’ രീതി അവലംബിച്ചതാണ് വിമര്‍ശങ്ങള്‍ക്കു കാരണം. അശ്വിന്‍ ക്രിക്കറ്റിന്റെ ശരിയായ സ്പിരിറ്റ് നഷ്ടപ്പെടുത്തിയെന്ന് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ അടക്കമുള്ള വിമര്‍ശകര്‍ പറയുന്നു.

ആദ്യമായിട്ടല്ല അശ്വിന്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുള്ള ബാറ്റ്‌സ്മാനെ ഇത്തരത്തില്‍ പുറത്താക്കുന്നത്. മുമ്പ് ഇന്ത്യന്‍ ദേശീയ ടീമിനായി കളിക്കവെ ശ്രീലങ്കന്‍ താരം ലഹിരു തിരിമനെയേയും ഇത്തരത്തില്‍ പുറത്താക്കാന്‍ അശ്വിന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്നു ടീമിനെ നയിച്ച വീരേന്ദര്‍ സെവാഗ് അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു.

ഇത് ആദ്യമായല്ല ബട്‌ലര്‍ മങ്കാദിംഗിന് ഇരയാകുന്നത്. 2014ല്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ സചിത്ര സേനനായകെ ബട്‌ലറെ സമാനരീതിയില്‍ പുറത്താക്കിയിരുന്നു.

മങ്കാദിംഗ്

ബൗളര്‍ പന്തെറിയുന്നതിനു മുമ്പ് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുള്ള ബാറ്റ്‌സ്മാന്‍ ക്രീസിനു പുറത്തുപോകുകയാണെങ്കില്‍ ബൗളര്‍ക്ക് ബാറ്റ്‌സ്മാനെ പുറത്താക്കാം. 1947ല്‍ ഇന്ത്യന്‍ നായകനായിരുന്ന വിനോദ് മങ്കാദാണ് ഇത്തരം പുറത്താക്കലുകള്‍ക്ക് മങ്കാദിംഗ് എന്നു പേരു വീഴാന്‍ കാരണക്കാരനാകുന്നത്.

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന ടെസ്റ്റ് മത്സരത്തില്‍ മങ്കാദ്, ഓസ്‌ട്രേലിയന്‍ താരത്തെ ഇത്തരത്തില്‍ പുറത്താക്കിയിരുന്നു. ബില്‍ ബ്രൗണായിരുന്നു അന്ന് ഇര. നിരവധി മുന്നറിയിപ്പുകള്‍ക്കു ശേഷമാണ് അന്നു മങ്കാദ് ബ്രൗണിനെ പുറത്താക്കിയത്. ഇതിനു തൊട്ടുമുമ്പ് വാംഅപ്പ് മാച്ചിലും മങ്കാദ് ബ്രൗണിനെ സമാന രീതിയില്‍ പുറത്താക്കിയിരുന്നു.

ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ അന്നു മങ്കാദിനെ രൂക്ഷമായി വിമര്‍ശിച്ചെങ്കിലും അന്നത്തെ ഓസ്‌ട്രേലിയന്‍ നായകന്‍ ഡോണ്‍ ബ്രാഡ്മാനും ബ്രൗണ്‍ തന്നെയും മങ്കാദിനെ പ്രതിരോധിച്ചു രംഗത്തെത്തി. ഇത് ക്രിക്കറ്റ് നിയമങ്ങളുടെ ഭാഗമാണെന്നും നിയമങ്ങള്‍ പാലിക്കാനുള്ളതാണെന്നുമായിരുന്നു അന്ന് അവരുടെ വിലയിരുത്തല്‍.

https://www.youtube.com/watch?time_continue=8&v=qsZTPrU4JjY