ബോംബ് ഭീഷണി: സിങ്കപ്പുര്‍ വിമാനം അടിയന്തരമായി നിലത്തിറക്കി

single-img
26 March 2019

മുംബൈയില്‍ നിന്നും സിങ്കപ്പൂരിലേക്ക് പോയ സിങ്കപ്പുര്‍ എയര്‍ലൈന്‍സ് വിമാനത്തിന് ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി 11.35 നാണ് വിമാനം മുംബൈയില്‍ നിന്നും പറന്നുയര്‍ന്നത്. അല്‍പ സമയത്തിന് ശേഷം വിമാനത്തില്‍ ബോംബുണ്ടെന്ന സന്ദേശം വിമാന കമ്പനി ഓഫീസില്‍ ലഭിച്ചതിനെത്തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കി.

സിങ്കപ്പുര്‍ വ്യോമാതിര്‍ത്തിക്കുള്ളിലെത്തിയപ്പോള്‍ സിങ്കപ്പുര്‍ വ്യോമസേന വിമാനത്തിന് അകമ്പടി സേവിച്ചു. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് വിമാനം ചാങ്കി വിമാനത്താവളത്തില്‍ ഇറക്കി. യാത്രക്കാരെ സുരക്ഷിതമായി മാറ്റിയ ശേഷം നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല.

ഭീഷണി വ്യാജമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. എങ്കിലും ഒരു സ്ത്രീയെ ചോദ്യം ചെയ്യലിനായി തടഞ്ഞിവെച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 263 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.