യതീഷ് ചന്ദ്ര ഐപിഎസ് തിരക്കഥാകൃത്താകുന്നു

single-img
25 March 2019

കര്‍ശന നിലപാടുകളിലൂടെ പേരെടുത്ത ഉദ്യോഗസ്ഥനാണ് യതീഷ്ചന്ദ്ര. ഏതു സര്‍ക്കാര്‍ അധികാരത്തിലിരുന്നാലും അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നിയമ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥന്‍. ആലുവ റൂറല്‍ എസ്പിയായിരിക്കേ ഇടതുപക്ഷം നടത്തിയ ഉപരോധ സമരത്തിനു നേരെ അങ്കമാലിയില്‍ ലാത്തിച്ചാര്‍ജ് നടത്തിയപ്പോഴാണ് യതീഷ് ചന്ദ്രയുടെ മുഖം ആദ്യമായി മാധ്യമങ്ങളില്‍ നിറഞ്ഞത്.

എന്നാല്‍, ശബരിമലയിലേക്കു സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്ത പൊലീസ് നടപടിക്കെതിരെ പ്രതികരിച്ച കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറാണോയെന്നു ചോദിച്ചതോടെ യതീഷ് ചന്ദ്ര ഐപിഎസ് സമൂഹ മാധ്യമങ്ങളില്‍ താരമായി മാറി.

ഇപ്പോള്‍, കേരള പൊലീസ് നിര്‍മിക്കുന്ന ഹ്രസ്വചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് യതീഷ് ചന്ദ്ര വാര്‍ത്തകളില്‍ ഇടംനേടുന്നത്. തെരുവില്‍ ഉപേക്ഷിക്കുന്ന അമ്മമാരെക്കുറിച്ചുള്ള നല്ലമ്മ എന്ന ചിത്രത്തിനാണ് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ തിരക്കഥ.

ഹ്രസ്വചിത്രത്തിന്റെ സംവിധാനം കൊടുങ്ങല്ലൂര്‍ തീരദേശ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാന്റോ തട്ടിലാണ്. നല്ലമ്മയുടെ മകന്റെ വേഷം അഭിനയിക്കുന്നതും ഇദ്ദേഹം തന്നെയാണ്. തൃശ്ശൂര്‍ ആകാശവാണിയില്‍നിന്ന് അനൗണ്‍സറായി വിരമിച്ച നടിയും ഡബ്ബിങ് കലാകാരിയുമായ എം.തങ്കമണിയാണ് നല്ലമ്മയായി അഭിനയിക്കുന്നത്.

ആറ് മക്കളുണ്ടായിട്ടും ആരും നോക്കാനില്ലാതിരുന്ന പുത്തൂരിലെ എഴുപത്തഞ്ചുകാരിയെക്കുറിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തയാണ് സിനിമയ്ക്ക് പ്രചോദനമായതെന്ന് സംവിധായകന്‍ പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഉപേക്ഷിക്കപ്പെട്ട അമ്മയെ പോലീസ് മകനൊപ്പം തിരിച്ചയയ്ക്കുന്നതാണ് കഥ. വിഷുവിനു മുമ്പായി സിനിമ പുറത്തിറങ്ങും.