ചൗക്കീദാറിന്റെ പാര്‍ട്ടി ഞങ്ങളുടെ കോഡ് മോഷ്ടിച്ചു; ബി.ജെ.പിക്കെതിരെ ആരോപണവുമായി സ്റ്റാര്‍ട്ട് അപ്പ് കമ്പനി

single-img
25 March 2019

ബി.ജെ.പി വെബ്‌സൈറ്റിന് വേണ്ടി തങ്ങളുടെ ഡിസൈന്‍ മോഷ്ടിച്ചെന്ന ആരോപണവുമായി ആന്ധ്രാപ്രദേശില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി. മാര്‍ച്ച് അഞ്ചിന് ഹാക്ക് ചെയ്യപ്പെട്ട ബി.ജെ.പിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മാര്‍ച്ച് 21 നാണ് തിരികെയെത്തിയത്. വെബ്‌സൈറ്റില്‍ ഒരു പേജ് മാത്രമാണുള്ളത്. തിരിച്ചെത്തിയ വെബ്‌സൈറ്റില്‍ തങ്ങള്‍ ഡിസൈന്‍ ചെയ്ത വെബ് ടെംപ്ലേറ്റ് ആണ് ഉപയോഗിച്ചിട്ടുള്ളതെന്ന് നെല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഡബ്ല്യൂ 3 ലേ ഔട്ട് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി പറയുന്നു.

ഡിസൈന്‍ സൗജന്യമായി ഉപയോഗിക്കാന്‍ വേണ്ടി നിര്‍മിച്ചതാണ്. എന്നാല്‍ പേജിന്റെ അവസാനം ടെംപ്ലേറ്റ് ഡിസൈന്‍ ചെയ്ത ഡബ്ല്യൂ 3 ലേ ഔട്ടിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ബാക്ക് ലിങ്ക് നല്‍കിയിരുന്നു. എന്നാല്‍ ഈ ലിങ്ക് നീക്കം ചെയ്താണ് ബിജെപി ടെംപ്ലേറ്റ് ഉപയോഗിച്ചത്.

ഈ പ്രശ്‌നം ഡബ്ല്യൂ 3 ലേ ഔട്ട് ട്വിറ്റര്‍ വഴി ബിജെപിയെ അറിയിച്ചിട്ടുണ്ട്. ‘designed by w3layouts’ എന്നത് നീക്കം ചെയ്യുന്നതിന് മുമ്പ്് https://w3layouts.com/license/ എന്ന ലിങ്കിലെ നിബന്ധനകള്‍ വായിക്കാന്‍ വെബ്‌സൈറ്റ് ടീമിനെ നിര്‍ദേശിക്കു എന്നും ഐടി ടീമിന്റെ ഇമെയില്‍ അഡ്രസ് നല്‍കണമെന്നും ഡബ്ല്യൂ 3 ലേ ഔട്ട് ട്വീറ്റില്‍ ആവശ്യപ്പെട്ടു.

വെബ്‌സൈറ്റില്‍ ഇപ്പോഴും ഉപയോഗിച്ചിരിക്കുന്നത് തങ്ങളുടെ വെബ് പേജാണെന്നും അവര്‍ പറയുന്നു. ഡബ്ല്യൂ 3 ലേ ഔട്ടിന്റെ വെബ്‌പേജ് ബിജെപി കടപ്പാട് വെയ്ക്കാതെ അതിന്റെ വെബ്‌സൈറ്റില്‍ ഉപയോഗിച്ചുവെന്ന് സൈബര്‍ സുരക്ഷാ ഗവേഷകനായ എല്ലിയോട്ട് അല്‍ഡേഴ്‌സനും ട്വീറ്റ് ചെയ്തു. അതേസമയം ഈ ആരോപണങ്ങളോട് ബിജെപി പ്രതികരിച്ചിട്ടില്ല.