രാഹുൽ ഗാന്ധി 17 തവണ സ്വന്തം മണ്ഡലമായ അമേഠി സന്ദർശിച്ചപ്പോൾ സ്മൃതി എത്തിയത് 35 തവണ: അമേഠി ഇത്തവണ ബിജെപിക്കു സ്വന്തമെന്നു പ്രവർത്തകർ

single-img
25 March 2019

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്നും ഇല്ലെന്നുമുള്ള വാർത്തകൾ ഉയരുന്നതിനിടെ രാഹുലിൻ്റെ സ്ഥിരം മണ്ഡലമായ അമേഠി വീണ്ടും രാജ്യശ്രദ്ധയാകർഷിക്കുകയാണ്. സ്മൃതിയെ എതിരിടുന്നതിനെ ഭയന്നാണ് രാഹു്ൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതെന്നുള്ള വാദങ്ങൾ ബിജെപി ഉയർത്തിക്കഴിഞ്ഞു. സ്മൃതിയുമായുള്ള മത്സരം ഭയന്നാണ് രാഹുല്‍ കൂടുതല്‍ സുരക്ഷിതമായ മണ്ഡലം തേടുന്നതെന്ന വാദം രാഷ്ട്രീയമായ ആക്ഷേപം. എന്നാൽ ഇതു മുൻകൂട്ടിക്കണ്ടുകൊണ്ടുതന്നെയാണ് സ്മൃതി ഇറാനി മണ്ഡലത്തിൽ ഇക്കാലമാത്രയും സജീവമായത്.

തെരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ഥിയായിരുന്നിട്ടു കൂടി കഴിഞ്ഞ അഞ്ചു വര്‍ഷം സ്മൃതി ഇറാനി അമേഠിയില്‍ നിരവധിതവണയാണ് എത്തിയത്. കേന്ദ്രമന്ത്രിയെന്ന നിലയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അവര്‍ അതിനായി ഫലപ്രദമായി വിനിയോഗിച്ചെന്നും ബിജെപി പ്രവർത്തകർ പറയുന്നുണ്ട്. അഞ്ചു വര്‍ഷത്തിനിടെ രാഹുല്‍ സ്വന്തം മണ്ഡലത്തില്‍ പതിനാറോ പതിനേഴോ തവണ മാത്രം എത്തിയപ്പോള്‍ സ്മൃതി 35 തവണ എത്തിയെന്നാണ് ബിജെപി പ്രവര്‍ത്തകർ വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അന്‍പതിനായിരം പേരെയെങ്കിലും അംഗങ്ങളാക്കാന്‍ സ്മൃതി ഇറാനിക്കു കഴിഞ്ഞിട്ടുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇക്കുറി പ്രചാരണത്തിനായി മണ്ഡലത്തില്‍ താമസമാക്കുകയാണ് സ്മൃതി ഇറാനി. ഗൗരിഗഞ്ചില്‍ അഞ്ചു മുറികളുള്ള അപ്പാര്‍ട്ട്‌മെന്റ് സ്മൃതിക്കും സംഘത്തിനുമായി തയാറായിക്കഴിഞ്ഞു. ഒന്നര മാസം സ്മൃതി മണ്ഡലത്തില്‍ തന്നെയുണ്ടാവുമെന്നാണ് പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

കേന്ദ്രമന്ത്രിയുടെ അധികാരം ഉപയോഗിച്ച് മണ്ഡലത്തില്‍ പുതിയ സ്‌കൂളുകള്‍ കൊണ്ടുവന്നതും കൃഷി വിജ്ഞാന കേന്ദ്രം തുടങ്ങിയതും മണ്ണു പരിശോധനാ കേന്ദ്രം ആരംഭിച്ചതുമെല്ലാം ബിജെപി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതെല്ലാം വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് അമേഠിയിലെ ബിജെപി. പ്രകൃതി ക്ഷോഭത്തില്‍ വിളയും വീടും നഷ്ടമായവരെ സ്മൃതി വ്യക്തിപരമായി ഇടപെട്ടു സഹായിച്ചിട്ടുണ്ടെന്നും ബിജെപി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.