കോണ്‍ഗ്രസ് വിജയിച്ചാല്‍ പാകിസ്താന്‍ ദീപാവലി ആഘോഷിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി • ഇ വാർത്ത | evartha
Latest News

കോണ്‍ഗ്രസ് വിജയിച്ചാല്‍ പാകിസ്താന്‍ ദീപാവലി ആഘോഷിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അബദ്ധത്തില്‍ ജയിക്കുകയാണെങ്കില്‍ പാകിസ്താന്‍ ദീപാവലി ആഘോഷിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഗുജറാത്തിലെ മെഹ്‌സാനയില്‍ ബി.ജെ.പി. വിജയ്‌സങ്കല്‍പ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘എന്തായാലും സംഭവിക്കാന്‍ പോകുന്നില്ല, എന്നാല്‍കൂടി മേയ് 23 ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ അബദ്ധവശാല്‍ കോണ്‍ഗ്രസ് വിജയിക്കുകയാണെങ്കില്‍ പാകിസ്താന്‍ ദീപാവലി ആഘോഷിക്കും. കാരണം കോണ്‍ഗ്രസ് അവരുമായി ബന്ധപ്പെട്ടു കിടക്കുന്നു’, വിജയ് രൂപാണി പറഞ്ഞു.

മെയ് 23ന് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിക്കുമ്പോള്‍ നരേന്ദ്രമോദി വിജയിക്കുമെന്നും അത് പാകിസ്താന് വലിയ വിഷമമാകുമെന്നും വിജയ് രൂപാനി കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിനിടെ ബാലാകോട്ട് വ്യോമാക്രമണത്തില്‍ വിവാദപരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡയ്‌ക്കെതിരെയും രൂപാനി രൂക്ഷവിമര്‍ശനമുന്നയിച്ചു.