രാജ്യത്തിന്റെ ദിശതന്നെ മാറ്റുന്ന പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി

single-img
25 March 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഞെട്ടിപ്പിക്കുന്ന പദ്ധതി പ്രഖ്യാപനങ്ങളുമായി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കായി മിനിമം വരുമാനപദ്ധതി കൊണ്ടു വരുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ കുറഞ്ഞത് 72,000 രൂപ വീതം അക്കൗണ്ടില്‍ ഉറപ്പാക്കുമെന്ന് രാഹുല്‍ വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ 20% പാവപ്പെട്ടവര്‍ക്കാണ് കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ഏറ്റവും ശക്തമായ പദ്ധതിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സ്‌കീമിലൂടെ 5 കോടി കുടുംബങ്ങള്‍ക്കും 25 കോടി ജനങ്ങള്‍ക്കും നേരിട്ടു ഗുണഫലം കിട്ടും. എല്ലാം ഞങ്ങള്‍ കണക്കുകൂട്ടിയിട്ടുണ്ട്. ലോകത്ത് ഒരിടത്തും ഇത്തരമൊരു സ്‌കീം നടപ്പാക്കിയിട്ടില്ല. പാവപ്പെട്ടവന്റെയും പണക്കാരന്റെയും രണ്ടു ഇന്ത്യ ഉണ്ടാകണമെന്നല്ല തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദാരിദ്ര്യത്തിനെതിരെയുള്ള അവസാന പ്രഹരമാണ് ഈ പദ്ധതി. കഴിഞ്ഞ 5 വര്‍ഷമായി രാജ്യത്തെ ജനങ്ങള്‍ വളരെയധികം പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ പാവപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചു.

താന്‍ പറയുന്നത് വെറും വാക്കല്ലെന്നും വളരെ ഗൗരവകരമായ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് ഈ പദ്ധതി കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത് പോലെ ഈ പദ്ധതിയും നടപ്പാക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. സാമ്പത്തിക വിദഗ്ധരെ ഉള്‍പ്പെടുത്തി വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു പദ്ധതിയുടെ ബ്ലൂപ്രിന്റ് തയ്യാറാക്കിയതെന്ന് കോണ്‍ഗ്രസ് പറയുന്നു.

അതേസമയം, മറ്റു ചോദ്യങ്ങളോടു പ്രതികരിക്കില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. വയനാട് ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്ന കാര്യത്തെക്കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചില്ല. ഇക്കാര്യം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ച ചെയ്തില്ലെന്നാണ് വിവരം. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.