വയനാട്ടില്‍ മല്‍സരിക്കുമോ?; ഉത്തരം ചിരിയിലൊതുക്കി രാഹുല്‍ ഗാന്ധി: നിലപാട് കടുപ്പിച്ച് സിപിഎം

single-img
25 March 2019

വയനാട്ടില്‍ മല്‍സരിക്കുമോയെന്ന ചോദ്യത്തിന് ഉത്തരം ചിരിയിലൊതുക്കി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പ്രവര്‍ത്തക സമിതി യോഗം ഡല്‍ഹിയില്‍ തുടരുകയാണ്. അതിനു ശേഷം ചേരുന്ന തിരഞ്ഞെടുപ്പ് സമിതിയിലാവും വയനാടിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം.

അതിനിടെ, രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ നിലപാട് കടുപ്പിച്ച് സിപിഎം. മതേതര ബദലിന്റെ നേതൃത്വം കോണ്‍ഗ്രസിന് നല്‍കുന്നത് പുനപരിശോധിക്കുമെന്ന് സിപിഎം വ്യക്തമാക്കി. കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള മതേതര ബദല്‍ ആലോചിക്കുമെന്നും സിപിഎം വിശദമാക്കി.

രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസ് ബിജെപിയ്ക്കായി കളം ഒഴിയുന്നതിന്റെ സൂചനയെന്നും നേതൃത്വം പറഞ്ഞു. ബിജെപിയെ എതിര്‍ക്കാനെങ്കില്‍ രാഹുല്‍ തിരുവനന്തപുരത്ത് മത്സരിക്കട്ടെയെന്നും സിപിഎം വ്യക്തമാക്കി.