ജയിക്കാനല്ല, ജയിപ്പിക്കാനാണ് എനിക്കിഷ്ടം: ശ്രീധരൻപിള്ള

single-img
25 March 2019

ജയിക്കാനല്ല, ജയിപ്പിക്കാനാണ് എനിക്കിഷ്ടമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. പത്തനംതിട്ട സീറ്റിൽ താങ്കളുടെ പേര് എഴുതിച്ചേർത്തു എന്നൊക്കെ ആരോപണങ്ങളുയരുന്നുണ്ടല്ലോ എന്ന ചോദ്യത്തിനാണ് ശ്രീധരൻപിള്ള ഇങ്ങനെ പറഞ്ഞത്. മാതൃഭൂമിക്കു നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീധരൻപിള്ളയുടെ പ്രതികരണം.

ഫെബ്രുവരി 22-ന് ദേശീയ അധ്യക്ഷൻ അമിത്ഷാ പാലക്കാട്ട് എത്തിയപ്പോൾത്തന്നെ മത്സരിക്കാനില്ലെന്ന്‌ ഞാൻ അറിയിച്ചതാണെന്നും എന്നാൽ വിവാദങ്ങളുടെ ഇരയായി ഞാൻ മാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 23-ന് ശേഷം താൻ എല്ലാ കാര്യങ്ങളും വെളിപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. നവമാധ്യമങ്ങൾ ഇത്രത്തോളം ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യത്തിന് ദോഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ട സ്ഥാനാർത്ഥി പ്രഖ്യാപന വിവാദങ്ങളെപ്പറ്റിയും അദ്ദേഹം പ്രതികരിച്ചു. തൃശ്ശൂരിൽ ഒന്നാമതായി വന്നത് ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേരാണ്. അദ്ദേഹം ചെറിയതോതിൽ പ്രവർത്തനവും തുടങ്ങിയിരുന്നു. പക്ഷേ, ബി.ഡി.ജെ.എസിന് തൃശ്ശൂർ നൽകണമെന്നത് പിന്നീട് അംഗീകരിക്കപ്പെട്ടു. എന്നാൽ, സുരേന്ദ്രനും മറ്റൊരു ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനും മത്സരിക്കാതിരിക്കുന്നത് ശരിയല്ല എന്നുതന്നെയായിരുന്നു എന്റെ നിലപാട്- ശ്രീധരൻപിള്ള പറഞ്ഞു.

സുരേന്ദ്രന്റെ പേര് രണ്ടാമത് പ്രഖ്യാപിച്ചതെന്താണെന്ന് കേന്ദ്ര നേതൃത്വത്തിനേ അറിയുള്ളുവെന്നും കൺവെൻഷൻ നടത്തിയിട്ട്‌ സ്ഥാനാർഥിയെ കോൺഗ്രസ് മാറ്റുന്നുണ്ടല്ലോ എന്നും ശ്രീധരൻപിള്ള ചോദിച്ചു. എഴുത്തുകാരൻ എന്ന നിലയിൽ രാജ്യസഭയിലേക്ക്‌ നോമിനേറ്റുചെയ്യാൻ വിശദാംശങ്ങൾ തേടിയതാണ്. അതിനിടെയാണ് ചെങ്ങന്നൂരിൽ മത്സരിക്കണമെന്ന ഏകകണ്ഠമായി നിർദേശം വന്നതും സ്വീകരിച്ചതും. സ്ഥാനാർഥിത്വത്തിനുവേണ്ടി ഓടിനടക്കുന്ന ആളായി മാധ്യമരംഗം പോലും ചിത്രീകരിച്ചതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.