ഇടതു സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയ എൻഎസ്എസ് യൂണിയന്‍ പിരിച്ചുവിട്ടു

single-img
25 March 2019

ഇടതു സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയ എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടു. യുഡിഎഫ്, ബിജെപി അനുകൂല നിലപാട് സ്വീകരിക്കണമെന്ന നേതൃത്വത്തിന്റെ നിര്‍ദേശം തള്ളിയാണ് എന്‍എസ്എസ് മാവേലിക്കര യൂണിയന്‍ ഇടതു സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മാവേലിക്കരയിലെ ഇടതു സ്ഥനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍ മാവേലിക്കര യൂണിയന്‍ ഓഫീസില്‍ വോട്ട് അഭ്യര്‍ത്ഥനയുമായി എത്തിയിരുന്നു. അദ്ദേഹത്തിന് സ്വീകരണം നല്‍കിയതാണ് നേതൃത്വത്തിന്റെ എതിര്‍പ്പിന് കാരണമായത്.

15 അംഗ യൂണിയന്‍ കമ്മിറ്റിയില്‍ പ്രസിഡന്റ് ഒഴികയുള്ള അംഗങ്ങളെ ചങ്ങനാശേരിയിലെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു. അംഗങ്ങള്‍ രാജി വച്ചതോടെ കമ്മിറ്റി പിരിച്ചുവിടുകയും അഞ്ചംഗ അഡ്ഹോക് കമ്മിറ്റിയെ നിയമിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

എന്‍.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടത് നേതൃത്വത്തിന്റെ രാഷ്ട്രീയ നിലപാടിനെ എതിര്‍ത്തതിലുള്ള പ്രതികാരമാണെന്ന് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.ടി.കെ. പ്രസാദ് പറഞ്ഞു.

താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.ടി.കെ. പ്രസാദും നാല് അംഗങ്ങളുമാണ് ഇവിടെ നേതൃത്വത്തിന്റെ രാഷ്ട്രീയ നിലപാട് ചോദ്യം ചെയ്തത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം കരയോഗം പ്രവര്‍ത്തകരുടെ വീടുകളില്‍ എത്തിക്കണമെന്ന അറിയിപ്പ് യൂണിയന്‍ കമ്മിറ്റി നിരാകരിച്ചിരുന്നു. ചില മണ്ഡലങ്ങളില്‍ ബിജെപിക്കും ചിലയിടങ്ങളില്‍ യുഡിഎഫിനും പിന്തുണ നല്‍കുകയെന്ന നയത്തിനെതിരായി വിയോജനക്കുറിപ്പ് നല്‍കിയതും പുറത്താക്കലിന് കാരണമായി.