ജെറ്റ് എയർവേയ്സ് ചെയർമാൻ നരേഷ് ഗോയലും ഭാര്യയും കമ്പനി ബോർഡിൽ നിന്നും രാജിവെയ്ക്കും

single-img
25 March 2019
Naresh Goyal resigns from Jet airways

ജെറ്റ് എയര്‍വേസ് ചെയര്‍മാന്‍ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും കമ്പനിയുടെ ബോര്‍ഡില്‍ നിന്നും രാജിവയ്ക്കുമെന്ന് റിപ്പോർട്ട്. കമ്പനി പ്രതിസന്ധിയിലായ സാഹചര്യത്തില്‍ മറ്റ് ബോർഡ് അംഗങ്ങള്‍ ഗോയലിനോട് രാജി ആവശ്യപ്പെടുകയായിരുന്നു.

ഇന്ന് മുബൈയില്‍ വെച്ച് നടന്ന ജെറ്റ് എയർവേസ് ബോർഡ് യോഗത്തിലാണ് നരേഷ് ഗോയലും ഭാര്യ അനിത ഗോയലും ബോർഡ് അംഗത്വം രാജി വെക്കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ ഇരുവരുടെയും രാജി ഓഹരിയുടമകള്‍ ആവശ്യപ്പെടുകയായിരുന്നു. നരേഷ് ഗോയലും ഭാര്യയും ചേര്‍ന്നായിരുന്നു 1993-ൽ ജെറ്റ് എയര്‍വേസ് രൂപീകരിച്ചത്.

ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനും ധനകാര്യ ഇടപാടുകള്‍ ഏകോപിപ്പിക്കാനുമായി കമ്പനി ഇടക്കാല മാനേജ്മെന്‍റ് കമ്മറ്റിക്ക് രൂപം നല്‍കി. എന്നാല്‍, കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് വിജയ് ഡ്യൂബേ ബോര്‍ഡില്‍ തുടരുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

രാജിയോടൊപ്പം ഗോയലിന്‍റെ ഓഹരി വിഹിതം 51 ല്‍ നിന്ന് 25.5 ശതമാനമായി കുറയ്ക്കുകയും ചെയ്യും. അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേസിന് കമ്പനിയിലുളള ഓഹരി വിഹിതം 12 ശതമാനമായി കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ, ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും ഓഹരിയില്‍ വര്‍ധനവുണ്ടായേക്കും.

കുറച്ച് മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുകയാണ് സ്ഥാപനം. ശമ്പളം നല്‍കിയില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ജെറ്റ് എയർവേഴ്സ് പൈലറ്റുമാർ വിമാനം പറത്തില്ലെന്നും കടുത്ത മാനസിക സമ്മർദ്ദത്തിലായ പൈലറ്റുമാർ വിമാനമോടിക്കുന്നത് യാത്ര സുരക്ഷയെ ബാധിക്കുമെന്നും കാട്ടി ജീവനക്കാരുടെ സംഘടന കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചിരുന്നു. നാല് ജെറ്റ് എയർവേസ് വിമാനങ്ങള്‍ സർവ്വീസ് നിർത്തി വെക്കുകയും ചെയ്തു.

വിഷയം കൂടുതല്‍ സങ്കീർണ്ണമാകുന്ന പശ്ചാത്തലത്തില്‍ സർക്കാർ തലത്തില്‍ നടപടിയുണ്ടാകുമെന്നാണ് സൂചനക്കിടെയാണ് ഇന്ന് ബോർഡ് യോഗം നടന്നത്.