വൈത്തിരിയിൽ ചിതറിയ ചോരയ്ക്ക് പകരം വീട്ടും: മക്കിമലയിൽ മാവോയിസ്റ്റ് ബുള്ളറ്റിൻ വിതരണം

single-img
25 March 2019

വൈത്തിരിയിലെ റിസോർട്ടിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് പ്രവർത്തകൻ സി പി ജലീൽ
കൊല്ലപ്പെട്ട സംഭവത്തിനു പകരം വീട്ടുമെന്ന ഭീഷണിയുമായി മാവോ‍ായിസ്റ്റ് ബുള്ളറ്റിൻ “കാട്ടുതീ.” ഞായറാഴ്ച മാനന്തവാടി തലപ്പുഴയ്ക്കു സമീപം മക്കിമലയിലെത്തിയ സായുധ മാവോയിസ്റ്റ് സംഘമാണ് ബുള്ളറ്റിൻ വിതരണം ചെയ്തത്.

ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാലംഗ സംഘം മക്കിമലയിലെ കടയിലെത്തി സാധനങ്ങള്‍ വാങ്ങിമടങ്ങിയത്. കടയിലെത്തിയ മാവോയിസ്റ്റുകള്‍ ജലീലിന്റെ ചിത്രമുള്ള “കാട്ടുതീ” ബുള്ളറ്റിൻ വിതരണം ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കബനീദളം വക്താവ് മന്ദാകിനിയുടെ പേരിലുള്ള മാര്‍ച്ച് ലക്കമാണു മാവോയിസ്റ്റുകള്‍ വിതരണം ചെയ്തത്.

മാവോയിസ്റ്റ് നേതാവ് ജലീലിനെ പിണറായി വിജയന്റെ സിപിഎം സർക്കാരും തണ്ടര്‍ബോള്‍ട്ടും റിസോര്‍ട്ടിലെ ഒറ്റുകാരും ആസൂത്രണം ചെയ്തു കൊലപ്പെടുത്തിയതാണെന്നു ബുള്ളറ്റിനില്‍ പറയുന്നു. സിപിഎം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന മജിസ്റ്റീരിയല്‍ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഹസനമാണ്. ജു‍ഡീഷ്യല്‍ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പ്രക്ഷോഭം ശക്തിപ്പെടുത്തും. ചെറിയൊരു തീപ്പൊരി വലിയൊരു കാട്ടുതീയായി മാറുമെന്നും പരാമർശമുണ്ട്.

സിപിഎം അംഗമായിരുന്ന അനില്‍കുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ പേരു പരാമര്‍ശിച്ച സിപിഎം നേതാവിനെതിരെ കഴിഞ്ഞ മാസം തലപ്പുഴയില്‍ മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ പതിച്ചിരുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ വീണ്ടും മാവോവാദി സാന്നിധ്യം കണ്ടെത്തിയത് അതീവഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.