സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം നാലുദിവസത്തേക്കു കൂടി നീട്ടി

single-img
25 March 2019

സംസ്ഥാനത്ത് സൂര്യാതപ ജാഗ്രതാ മുന്നറിയിപ്പ് സര്‍ക്കാര്‍ നാലുദിവസം കൂടി നീട്ടി. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ താപനില ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ, സംസ്ഥാനത്ത് അനുഭവപ്പെടുന്ന കൊടുംചൂടില്‍ ഇതുവരെ 118 പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ 55 പേര്‍ക്കു കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് പൊള്ളലേറ്റത്.

കേരളത്തില്‍ രേഖപ്പെടുത്തുന്ന കൂടിയ ചൂട് ഇപ്പോഴും 40 ഡിഗ്രിക്കു താഴെയാണ്. എന്നാല്‍, അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രതയായ താപസൂചിക 50 ഡിഗ്രിക്കു മുകളിലാണ്. കാലാവസ്ഥാ വകുപ്പില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം പാലക്കാട് ഉള്‍പ്പെടെ വടക്കന്‍ മേഖലയിലാണ് തീവ്രത 50നു മുകളിലെത്തിയത്.

തെക്കന്‍ കേരളത്തില്‍ തീവ്രത 45നു മുകളിലാണ്. വായുപ്രവാഹത്തിലെ ചൂടും അന്തരീക്ഷത്തിലെ ആര്‍ദ്രത ഉയര്‍ന്നതുമാണു തീവ്രത വര്‍ധിക്കാന്‍ ഇടയാക്കിയത്. 45നു മുകളില്‍ താപസൂചിക ഉയര്‍ന്നാല്‍ അപകടകരമാണെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

  • രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം.
  • നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കരുതുക.
  • രോഗമുള്ളവരും നാലുവയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളും രാവിലെ 11 മുതല്‍ മൂന്നുവരെ സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക
  • പരമാവധി ശുദ്ധജലം കുടിക്കുക


സൂര്യാതപമേറ്റാല്‍

  • ശരീരോഷ്മാവ് ഉയരാം
  • ശ്വസനപ്രക്രിയ സാവധാനമാകാം
  • മാനസിക പിരിമുറുക്കം ഉണ്ടാകാം
  • അസാധാരണ വിയര്‍പ്പ്, ബോധക്ഷയം എന്നിവ ഉണ്ടാകാം
  • ചര്‍മം ചുവന്ന് തടിക്കാം
  • കടുത്ത ക്ഷീണം അനുഭവപ്പെടാം
  • നാഡിമിടിപ്പ് കൂടാം