സ്ഥാനാർത്ഥി നിർണയത്തിന് മുമ്പോ ശേഷമോ പ്രധാന നേതാക്കളാരും അദ്വാനിയെ വിളിക്കുക പോലും ചെയ്തില്ല; അദ്വാനിക്കെതിരെ ബിജെപിയിൽ നടന്നത് പകപോക്കലും അനാദരവുമാണെന്ന് ഒരു വിഭാഗം നേതാക്കൾ

single-img
25 March 2019

ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ. അഡ്വാനിക്കു സീറ്റ് നിഷേധിച്ചത്  പകപോക്കലും അനാദരവുമാണെന്ന വാദവുമായി ബിജെപിയിലെ ഒരുവിഭാഗം നേതാക്കൾ. സീറ്റ് നൽകാത്തതിനേക്കാൾ പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാവിനോട് ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന അവരുടെ സമീപനമാണ് വിഷയം എന്നും അവർ  ചൂണ്ടിക്കാട്ടുന്നു. സ്ഥാനാർത്ഥിനിർണ്ണയത്തിലൂടെ 91 വയസ്സുള്ള നേതാവിനെ മുറിവേൽപിച്ചുവെന്നാണ് ആക്ഷേപം.

പ്രധാന നേതാക്കളാരും അദ്വാനിയെ വിളിച്ച് കാര്യം ധരിപ്പിക്കുക പോലും ചെയ്യാതെയാണു സ്ഥാനാർഥി പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്നു വിമർശകർ പറയുന്നു. തുടർച്ചയായി ആറു തവണ അഡ്വാനി പ്രതിനിധീകരിച്ച ഗാന്ധിനഗറിൽ ഇത്തവണ പാർട്ടി അധ്യക്ഷൻ അമിത് ഷായാണു മൽസരിക്കുന്നത്. സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നതിനു ദിവസങ്ങൾക്കു മുൻപ് ബിജെപി ദേശീയ ജനറൽ സെക്രട്ടറിമാരിലൊരാൾ അദ്വാനിയടക്കമുള്ള  ചില മുതിർന്ന നേതാക്കളെ ബന്ധപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്നു വിരമിക്കൽ പ്രഖ്യാപിക്കണമെന്നുള്ളതാണ് ബന്ധപ്പെടലിന് ആവശ്യമെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ, മുതിർന്ന നേതാക്കളാരും തന്നോട് ഇക്കാര്യം പറഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടി അഡ്വാനി ആവശ്യം നിരസിച്ചു. 2014ൽ മോദിയെ പ്രധാനമന്ത്രി പദത്തിൽ നിന്നു മാറ്റിനി‍ർത്താൻ തിരഞ്ഞെടുപ്പിനു മുൻപ്, അഡ്വാനി ശ്രമിച്ചുവെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പാർലമെന്ററികാര്യ സമിതിയിൽ നിന്നടക്കം അഡ്വാനി ഒഴിവാക്കപ്പെട്ടത്. ഒരു ഘട്ടത്തിൽ രാഷ്ട്രപതി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടപ്പോഴും നേതൃത്വത്തിലെ ചിലർ തടസ്സം നിന്നുവെന്നാണ് അദ്വാനിപക്ഷക്കാരുടെ വിമർശനം.