വിഎം സുധീരന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഡി.സുഗതന്‍ ഇറങ്ങിപ്പോയി

single-img
24 March 2019

കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് മുന്‍ എം.എല്‍.എ ഡി.സുഗതന്‍ ഇറങ്ങിപ്പോയി. വാര്‍ത്താസമ്മേളനത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനമുന്നയിച്ചപ്പോഴാണ് സുഗതന്‍ ഇറങ്ങിപ്പോയത്. വെള്ളാപ്പള്ളിയെ കുറ്റം പറയുന്നിടത്ത് താന്‍ ഇരിക്കേണ്ടതില്ലല്ലോ എന്നായിരുന്നു സുഗതന്റെ പ്രതികരണം.

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ക്ക് എതിരെയാണ് വെള്ളാപ്പള്ളി നില്‍ക്കുന്നതെന്ന് സുധീരന്‍ പറഞ്ഞു. നാഴികക്ക് നാല്‍പത് വട്ടം വാക്കുകള്‍ മാറ്റി പറയുന്നു. വിശ്വാസ്യത നഷ്ടപ്പെട്ട മനുഷ്യന്റെ വിലാപമാണിതെന്നും സുധീരന്‍ പറഞ്ഞു.

സി.പി.എം ബി.ജെ.പി ബന്ധത്തിന്റെ കണ്ണിയായി വെള്ളാപ്പള്ളി മാറിയിരിക്കുന്നു. വെള്ളാപ്പള്ളിയുടെ നിലപാടിനോട് തനിക്ക് വിയോജിപ്പുണ്ടന്നും സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതോടെയാണ് ഡി.സുഗതന്‍ ഇറങ്ങിപ്പോയത്.

തുടര്‍ന്ന് നടന്ന ആലപ്പുഴ ഡി.സി.സി യോഗത്തില്‍ സുഗതനെ ലക്ഷ്യമിട്ട് സുധീരന്‍ ആഞ്ഞടിച്ചു. പാര്‍ട്ടിയില്‍ ചില യൂദാസുമാരുണ്ടെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

മറ്റ് സംഘടനയില്‍ പ്രവര്‍ത്തിച്ചു കൊണ്ട് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നവര്‍ പാര്‍ട്ടിയെ ഒറ്റുകൊടുക്കുകയാണ്. സി.പി.എമ്മിനെയും ബി.ജെ.പിയെയും സഹായിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നതെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.