'പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുള്ള ഈ വൃത്തികെട്ടവനെതിരേ ആരും നടപടി എടുക്കുന്നില്ല' • ഇ വാർത്ത | evartha
Movies

‘പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുള്ള ഈ വൃത്തികെട്ടവനെതിരേ ആരും നടപടി എടുക്കുന്നില്ല’

പൊതുവേദിയില്‍ നയന്‍താരയെ അധിക്ഷേപിച്ച നടന്‍ രാധാ രവിക്കെതിരെ ആഞ്ഞടിച്ച് സംവിധായകനും നയന്‍താരയുടെ കാമുകനുമായ വിഘ്‌നേഷ് ശിവന്‍ രംഗത്ത്. വലിയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വരുന്ന ഒരു വൃത്തികെട്ടവനെതിരെ നടപടി കൈക്കൊള്ളാന്‍ ആരും തയ്യാറാകുന്നില്ല എന്നത് വല്ലാത്ത നിസഹായതയാണ്. മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാന്‍ അയാള്‍ ഇനിയും ഇത് ചെയ്തുകൊണ്ടേ ഇരിക്കും. ബുദ്ധിശൂന്യന്‍. ഇതെല്ലാം കണ്ട് പ്രേക്ഷകര്‍ കൈയ്യടിക്കുകയും ചിരിക്കുകയും കാണുമ്പോള്‍ വേദനയുണ്ട്, വിഘ്‌നേഷ് ശിവന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കൊലയുതിര്‍ കാലം എന്ന നയന്‍താര ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന് എത്തിയപ്പോഴായിരുന്നു രാധാ രവിയുടെ വിവാദ പരാമര്‍ശം. മുഖ്യാതിഥികളില്‍ ഒരാളായിരുന്ന ഇദ്ദേഹം തന്റെ പ്രസംഗത്തിനിടെ നയന്‍താരയെ അധിക്ഷേപിച്ചുകൊണ്ടാണ് സംസാരിച്ചത്. നയന്‍താരയെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നു വിളിക്കുന്നതിലാണ് ആദ്യം രാധാ രവി വിമര്‍ശനം ഉന്നയിച്ചത്. അത്തരം വിശേഷണങ്ങള്‍ ശിവാജി ഗണേശനേയും എംജിആറിനേയും പോലുള്ളവര്‍ക്കു മാത്രമേ ചേരൂ എന്ന് അദ്ദേഹം പറഞ്ഞു.

പുരട്ചി തലൈവരും നടികര്‍ തിലകവുമെല്ലാം ഇതിഹാസങ്ങളും അനശ്വരരുമാണ്. രജനീകാന്ത്, ശിവാജി ഗണേശന്‍ തുടങ്ങിയ ആളുകളുമായൊന്നും നയന്‍താരയെ താരതമ്യപ്പെടുത്തരുത്, രാധാ രവി പറഞ്ഞു. പ്രസംഗം നീണ്ടു പോകെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.

നയന്‍താരയുടെ വ്യക്തി ജീവിതത്തെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് പിന്നീട് രാധാ രവി ആക്രമണം നടത്തിയത്. നയന്‍താരയുടെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങള്‍ക്കും അപ്പുറം അവര്‍ ഇപ്പോഴും ഇവിടെ താരമാണ്, കാരണം തമിഴ് ജനതയ്ക്ക് കാര്യങ്ങള്‍ പെട്ടെന്ന് മറക്കുന്ന സ്വഭാവമാണ്. തമിഴില്‍ പ്രേതമായും തെലുങ്കില്‍ സീതയായും നയന്‍താര അഭിനയിക്കുന്നു എന്നും രാധാ രവി പരിഹസിച്ചു.