ആദ്യദിവസം തന്നെ മണ്ഡലം മാറി വോട്ട് ചോദിച്ച് മണ്ടത്തരം: കണ്ണന്താനത്തെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

single-img
24 March 2019

എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം അബദ്ധത്തില്‍ ചാലക്കുടി മണ്ഡലത്തിലെ വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ഥന നടത്തിയ സംഭവം ഏറ്റെടുത്ത് ട്രോളന്മാര്‍. നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. ഇങ്ങനെയും ആനമണ്ടത്തരം പറ്റുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അല്‍ഫോണ്‍സ് കണ്ണന്താനം ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തിയത്. വിമാനത്താവളത്തില്‍ നിന്നും കെഎസ്ആര്‍ടിസി ബസിലായിരുന്നു മണ്ഡലത്തിലേക്കുള്ള യാത്ര.

പക്ഷെ ബസിറങ്ങിയപ്പോള്‍ മണ്ഡലം മാറിപ്പോയി. എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ കണ്ണന്താനം ആലുവ പറവൂര്‍ കവലയില്‍ വന്നിറങ്ങി ചാലക്കുടി മണ്ഡളത്തിലെ വോട്ടര്‍മാരോടാണ് ആദ്യം വോട്ട് തേടിയത്. അമളി പറ്റിയെന്നും മണ്ഡലം മാറിപ്പോയെന്നും പ്രവര്‍ത്തകരറിയിച്ചതോടെ ബസ് യാത്ര അവസാനിപ്പിച്ച കണ്ണന്താനം സ്വന്തം വാഹനത്തില്‍ കയറി.

പ്രചരണത്തിനിറങ്ങിയ മണ്ഡലം മാറിപ്പോയെങ്കിലും എറണാകുളം മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലെത്തുന്നത് താനായിരിക്കുമെന്ന് അവകാശപ്പെട്ടാണ് അല്‍ഫോണ്‍സ് കണ്ണന്താനം മടങ്ങിയത്. മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തകരൊരുക്കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് അല്‍ഫോണ്‍സ് കണ്ണന്താനം അദ്യ ദിനം പ്രചരണം അവസാനിപ്പിച്ചത്.