തെരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിച്ചാൽ മനുഷ്യനെയും മൃഗത്തിനെയും ഇല്ലായ്മ ചെയ്യുന്ന ഈ ക്രൂരതയ്ക്ക് അറുതി വരുത്തും: ആറ്റിങ്ങൽ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാർത്ഥി

single-img
24 March 2019

എസ്ഡിപിഐ വിജയിച്ചാൽ മനുഷ്യനെയും മൃഗത്തിനെയും ഇല്ലായ്മ ചെയ്യുന്ന പെരിങ്ങമ്മല മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്നു ആറ്റിങ്ങൽ മണ്ഡലം എസ്ഡിപിഎെ സ്ഥാനാർത്ഥി അജ്മൽ ഇസ്മായിൽ. ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥിക്ക് സ്വീകരണം ഏറ്റുവാങ്ങവേയാണ് ഈ പ്രഖ്യാപനം.

എസ്ഡിപിഐ സംസ്ഥാന ട്രഷറർ കൂടിയായ അജ്മൽ ഇസ്മായിൽ പെരിങ്ങമ്മല മാലിന്യപ്ലാന്റ് സമരപന്തലിൽ സമരാനൂകൾക്കൊപ്പം ചേരുകയും ചെയ്തു.

മണ്ഡലത്തിലെ 38 ഓളം കുടിവെള്ള പദ്ധതികൾ നശിപ്പിക്കുന്ന കാടിനേയും പക്ഷി മൃഗാദികളെയും ഇല്ലായ്മ ചെയ്യുന്ന മാലിന്യ പ്ലാൻ്റ് അടച്ചുപൂട്ടുന്നതുവരെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നു സ്ഥാനാർത്ഥി പ്രഖ്യാപിച്ചു.

ജനിച്ച നാട്ടിൽ മരണം വരെ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ചോദ്യം ചെയ്തുകൊണ്ട് ഒരു നാടിനെ തന്നെ നശിപ്പിക്കുന്ന മാലിന്യപ്ലാന്റ് പെരിങ്ങമ്മലയിൽ സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ജനകീയ സമരസമിതി ആക്ഷൻ കൗൺസിൽ നടത്തുന്ന സമരത്തിൽ തുടക്കം മുതൽ സമരരംഗത്തുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് എസ്ഡിപിഐ എന്ന് അജ്മൽ ഇസ്മായിൽ പറഞ്ഞു.  പാർട്ടിയുടെ സംസ്ഥാന ജനറൽസെക്രട്ടറിമാർ ഉൾപ്പെടെ ഉള്ള നേതാക്കൾ സമരത്തിന് പിന്തുണയുമായി പല ഘട്ടങ്ങളിലും സമരത്തിനൊപ്പം ഉണ്ടായിരുന്നുവെന്നും അജ്മൽ പറഞ്ഞു.

ഇനിയും ഈ മാലിന്യപ്ലാന്റ് പെരിങ്ങമ്മലയിൽ വരില്ല എന്ന സർക്കാർ തീരുമാനം വരുന്നത് വരെ പാർട്ടി ഈ സമരത്തോടൊപ്പം നിൽക്കുമെന്നും അദ്ദേഹം അറിയിച്ചു. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും എസ്ഡിപിഐ വിജയിച്ചാൽ പെരിങ്ങമ്മലയിൽ മാലിന്യപ്ലാന്റ് വരാൻ അനുവദിക്കില്ല എന്ന് ഒരു ആശങ്കക്കും വകയില്ലാതെ പ്രഖ്യാപിക്കുകയാണെന്നും അജ്മൽ ഇസ്മായിൽ വ്യക്തമാക്കി.