സൗദിയില്‍ അഞ്ചിലേറെ പ്രവാസിത്തൊഴിലാളികള്‍ ജോലിചെയ്യുന്ന ഫാര്‍മസികളിലും സ്വദേശിവത്കരണം

single-img
24 March 2019

സൗദി അറേബ്യയിലെ ഫാര്‍മസികളിലും സ്വദേശിവത്കരണം നടപ്പാക്കുന്നു. അഞ്ചിലേറെ വിദേശത്തൊഴിലാളികള്‍ ജോലിചെയ്യുന്ന ഫാര്‍മസികളിലാണ് സ്വദേശിവത്കരണം നടപ്പാക്കുക. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ തൊഴില്‍, സാമൂഹിക വികസനകാര്യമന്ത്രാലയം പുറത്തുവിട്ടു.

തുടക്കത്തില്‍ 20 ശതമാനം സ്വദേശികളെ ഫാര്‍മസികളില്‍ നിയമിക്കുകയാണ് ലക്ഷ്യം. ഫാര്‍മസിസ്റ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ സ്വദേശിവത്കരണം നടപ്പാക്കും. ആരോഗ്യമേഖലയില്‍ സ്വദേശി യുവാക്കള്‍ക്ക് അനുയോജ്യമായ സാഹചര്യമാണ് ഫാര്‍മസി മേഖലയിലുള്ളത്. അതുകൊണ്ടുതന്നെ സ്വദേശിവത്കരണം ഊര്‍ജിതമായി നടപ്പാക്കുമെന്നും തൊഴില്‍മന്ത്രാലയം വ്യക്തമാക്കി.

സ്വദേശിവത്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധപദ്ധതികള്‍ നടപ്പാക്കും. ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫണ്ട്, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ്, സോഷ്യല്‍ ഡെവലപ്‌മെന്റ് ഫണ്ട് എന്നിവ പദ്ധതിയുമായി സഹകരിക്കുമെന്നും തൊഴില്‍മന്ത്രാലയം വ്യക്തമാക്കി.