ആര്‍എസ്എസ് താലൂക്ക് കാര്യവാഹിൻ്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടി: രണ്ടുകുട്ടികൾക്ക് ഗുരുതര പരിക്ക് • ഇ വാർത്ത | evartha
Breaking News

ആര്‍എസ്എസ് താലൂക്ക് കാര്യവാഹിൻ്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടി: രണ്ടുകുട്ടികൾക്ക് ഗുരുതര പരിക്ക്

ആര്‍എസ്എസ് താലൂക്ക് കാര്യവാഹകിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് പരിക്ക്. ആര്‍എസ്എസ് കാര്യവാഹക് ആയ മുതരമല ഷിബുവിന്റെ വീട്ടിലായിരുന്നു സ്‌ഫോടനം നടന്നത്.

ഷിബുവിന്റെ മകന്‍ ഗോകുല്‍(ഏഴ്), ബന്ധുവായ ശശികുമാറിന്റെ മകന്‍ ഗജിന്‍ രാജ്(12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ട് കുട്ടികളുടേയും കാലിന് പരിക്കേറ്റിട്ടുണ്ട്. ഗോകുലിന്റെ ജനനേന്ദ്രിയത്തിനും പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

കളിക്കുന്നതിന് ഇടയില്‍ കുട്ടികള്‍ വീടിന്റെ ഒരു ഭാഗത്ത് സൂക്ഷിച്ചിരുന്ന ബോംബില്‍  ചവിട്ടി. ഉഗ്രശബ്ദത്തോടെ പൊട്ടിയ സ്റ്റീല്‍ ബോംബിന്റെ ചീളുകള്‍ മീറ്ററുകള്‍ക്കപ്പുറം വരെ എത്തി. സംഭവം അറിഞ്ഞ് തളിപ്പറമ്പ് ഡിവൈഎസ്പി എം ശങ്കറിന്റെ നേതൃത്വത്തില്‍ ബോംബ്-ഡോഗ് സ്‌ക്വാഡുകള്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആയുധ ശേഖരവും, ബോംബ് നിര്‍മാണ സാമഗ്രികളും റെയ്ഡില്‍ പിടിച്ചെടുത്തു.

ഏഴ് വടിവാള്‍, ഒരു കൈമഴു, സ്റ്റീല്‍ ദണ്ഡ്, ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അനുമിനിയം പൗഡര്‍, ഗണ്‍ പൗഡര്‍, ഫ്യൂസ് വയര്‍ എന്നിവയാണ് കണ്ടെത്തിയത്.

എന്നാല്‍ സംഭവത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നാണ് ബിജെപിയുടെ ആരോപണം.