പിഎസ് ശ്രീധരന്‍ പിള്ളക്കെതിരെ ബിഡിജെഎസ് രംഗത്ത്

single-img
24 March 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍നിന്ന് മത്സരിക്കുമെങ്കില്‍ സീറ്റ് ഏറ്റെടുക്കുമെന്ന ബിജെപി നിലപാടിനെതിരെ ബിഡിജെഎസ് വയനാട് ജില്ലാ കമ്മിറ്റി രംഗത്ത്. വയനാട് സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് എന്‍ കെ ഷാജി അറിയിച്ചു.

മുന്നണിയില്‍ ആലോചിക്കാതെ വയനാട് സീറ്റ് ഏറ്റെടുത്തേക്കുമെന്ന ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയാണ് ബിഡിജെഎസിനെ പ്രകോപിപ്പിച്ചത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി മത്സരിക്കാനുള്ള സാധ്യത തള്ളാനാകില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

വയനാട് സീറ്റ് ഏറ്റെടുക്കുമെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യ പ്രസ്താവന നടത്തിയത് മുന്നണി മര്യാദയ്ക്ക് എതിരാണെന്നും ബിഡിജെഎസ് വയനാട് ജില്ലാ പ്രസിഡണ്ട് പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘട്ടത്തില്‍ ഇനി സീറ്റ് വിട്ടുനല്‍കാനാവില്ലെന്നും ബിഡിജെഎസ് പറഞ്ഞു.