കലാഭവന്‍ മണിയുടെ പ്രതിമയില്‍ നിന്ന് ‘രക്തം’; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നില്‍…

single-img
24 March 2019

കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി ചാലക്കുടിയിലെ ചേനത്തുനാട്ടില്‍ സ്ഥാപിച്ച പൂര്‍ണകായ പ്രതിമയില്‍ നിന്നും രക്തം പോലുള്ള ദ്രാവകം ഇറ്റു വീഴുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രക്തനിറത്തിലുള്ള ജലം പ്രതിമയുടെ കൈയില്‍നിന്നും ഇറ്റു വീഴുന്നു എന്നറിഞ്ഞ് നിരവധി പേരാണ് ശില്‍പം കാണാന്‍ എത്തുന്നത്.

സംഭവമറിഞ്ഞ്, എട്ടടി ഉയരത്തില്‍ ഫൈബറില്‍ നിര്‍മ്മിച്ച പ്രതിമയുടെ ശില്‍പി മണിയുടെ സുഹൃത്തായ ഡാവിഞ്ചി സുരേഷും സ്ഥലത്തെത്തി. പ്രളയ സമയത്ത് പ്രതിമയ്ക്കുള്ളില്‍ കയറിയ ജലം ഏതെങ്കില്‍ തരത്തില്‍ പുറത്തേക്ക് ഒഴുകുന്നതാവാം ഇതിന് കാരണം എന്നാണ് ഡാവിഞ്ചി സുരേഷ് പറയുന്നത്.

പ്രളയസമയത്ത് ഈ പ്രതിമ വെള്ളത്തില്‍ മുങ്ങിയിരുന്നു. ഒരുപക്ഷേ അപ്പോള്‍ വെള്ളം പ്രതിമയ്ക്ക് ഉള്ളില്‍ കയറിയിട്ടുണ്ടാകാം. ഈ പ്രതിമ നിര്‍മിച്ചിരിക്കുന്നത് ഫൈബറിലാണ്. സാധാരണ ഫൈബറിനുള്ളില്‍ വെള്ളം കടന്നാല്‍ അത് പുറത്തേക്ക് പോകില്ല. അങ്ങനെ തന്നെ ഉണ്ടാകും.

ഇപ്പോള്‍ മണിച്ചേട്ടന്റെ പ്രതിമയുടെ കൈയ്യുടെ ഭാഗത്ത് നിന്നാണ് ഇത്തരത്തില്‍ ചുവന്ന നിറത്തില്‍ ദ്രാവകം പുറത്തേക്ക് വരുന്നത്. ഈ കൈയ്യുടെ രൂപം നിര്‍മിക്കുമ്പോള്‍ അതിനുള്ളില്‍ ഞാന്‍ ഒരു ഇരുമ്പ് കമ്പി വച്ചിരുന്നു. പ്രളയസമയത്ത് പ്രതിമ മുങ്ങിയപ്പോള്‍ ഈ കമ്പി തുരുമ്പെടുത്തിരിക്കാം.

ഇപ്പോള്‍ ചൂട് കൂടിയപ്പോള്‍ ആ തുരുമ്പും വെള്ളവും പുറത്തേക്ക് വരുന്നതാകാം. ആരാധകര്‍ ദയവ് ചെയ്ത് ഇതിന് അന്ധവിശ്വാസത്തിന്റെ പരിവേശമൊന്നും നല്‍കരുതെന്ന അപേക്ഷ മാത്രമേയുള്ളൂ. ഡാവിഞ്ചി സുരേഷ് പറയുന്നു.