ജനപ്രതിനിധികളോട് പരാതി പറഞ്ഞിട്ട് കാര്യമില്ല: കഞ്ചിക്കോട്ടെ കോളനി നിവാസികളുടെ ഇത്തവണത്തെ വോട്ട് നോട്ടയ്ക്ക്

single-img
24 March 2019

പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടെ കോളനി നിവാസികളുടെ ഇത്തവണത്തെ വോട്ട് നോട്ടയ്ക്ക്. ഫാക്ടറി മലിനീകരണ പ്രശ്‌നത്തില്‍ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിഷേധവോട്ട് ചെയ്യാനൊരുങ്ങുകയാണ് കോളനി നിവാസികള്‍. പുതുശ്ശേരിയിലെ പ്രീകോട്ട് മില്‍ കോളനിയിലെ ഏഴ് റസിഡന്‍ഷ്യല്‍ കോളനി നിവാസികളാണ് നിഷേധ വോട്ടിലൂടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്.

വ്യവസായ മേഖലയായ കഞ്ചിക്കോട്ടെ ഇരുമ്പുരുക്ക് ഫാക്ടറികള്‍ക്കെതിരെ പരിസരവാസികള്‍ പ്രതിഷേധം തുടങ്ങിയിട്ട് നാളേറെയായി.  മലിനീകരണ നിയന്ത്രണ ചട്ടങ്ങളലെല്ലാം ലംഘിച്ചാണ് ഫാക്ടറികളുടെ പ്രവര്‍ത്തനമെന്നും പ്രദേശവാസികള്‍ പറഞ്ഞു. അന്തരീക്ഷ മലിനീകരണം മൂലം ശ്വാസകോശ രോഗങ്ങള്‍ മുതല്‍ അര്‍ബുദം വരെ ഈ മേഖലയില്‍ വ്യാപിക്കുന്നെന്നാണ് നാട്ടുകാരുടെ പരാതി.

അധികൃതരോടും ജനപ്രതിനിധികളോടും പരാതി പറഞ്ഞിട്ടും കാര്യമില്ലാത്തതിനാലാണ് തങ്ങള്‍ നിഷേധവോട്ട് എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും കോളനി നിവാസികള്‍ പറഞ്ഞു. വോട്ടുചോദിച്ച് സ്ഥാനാര്‍ത്ഥികളെത്തുമ്പോള്‍ പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.