‘ഇടത് കൈയ്യിലെ പെരുവിരല്‍ അവര്‍ അറുത്തെടുത്തു; വലതു കൈ വെട്ടിപ്പിളര്‍ന്നു; നട്ടെല്ല് വെട്ടി നുറുക്കി; മരിച്ചെന്ന് കരുതി ഉപേക്ഷിച്ച് പോയി;നേരിട്ട അക്രമങ്ങള്‍ ഓര്‍മ്മിപ്പിച്ച് പി ജയരാജന്‍

single-img
24 March 2019

തനിക്കെതിരെ ഉയരുന്ന പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി വടകരയിലെ ഇടത് സ്ഥാനാര്‍ഥി പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആര്‍എസ്എസ് അക്രമികള്‍ തന്റെ പെരുവിരല്‍ അറുത്തെടുത്തതും, കൈകളും നട്ടെല്ലും വെട്ടിനുറുക്കിയ സംഭവവുമെല്ലാം ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് പി ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്. 1999ല്‍ വെട്ടേറ്റ് ആശുപത്രിയില്‍ കിടക്കുന്ന ചിത്രങ്ങളും ഒപ്പം പങ്കുവെച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ബ്രിട്ടീഷുകാര്‍ വേട്ടയാടിയത് പോലെയാണ് ഇന്ന് ആര്‍എസ്എസ് സിപിഎമ്മിനെ വേട്ടയാടുന്നതെന്ന് പി ജയരാജന്‍ പറയുന്നു.

പി ജയരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ടവരേ,

വടകര ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത് മുതല്‍ എനിക്കെതിരെ വ്യാപകമായ അപവാദ പ്രചാരണമാണ് രാഷ്ട്രീയ എതിരാളികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നട്ടാല്‍ കുരുക്കാത്ത നുണകളാണ് പ്രചരിപ്പിക്കുന്നത്. എന്നെ ഇതുവരെ നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്യാത്തവര്‍ പോലും എന്നെ അറിയുന്നയാളെന്നോണം നിര്‍ലജ്ജം കള്ളം പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ്.

ഒരു കമ്യുണിസ്റ്റിന്റെ ജീവിതം പരവതാനി വിരിച്ചതാവില്ലെന്ന ബോധ്യമുള്ളതിനാല്‍ ഇതുവരെ ഇതിനൊന്നും ഒരു മറുപടിയും നല്‍കാന്‍ ഞാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ എന്നെ വിമര്‍ശിക്കുന്നവര്‍ സ്വന്തം മനസ്സാക്ഷിയെ ബോധ്യപ്പെടുത്താനെങ്കിലും വസ്തുത അന്വേഷിക്കണമെന്ന അഭ്യര്‍ത്ഥന വെയ്ക്കുന്നു. വടകരയിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് സത്യമറിയാം. എന്നാല്‍ ചിലരെങ്കിലും വലതുപക്ഷം നടത്തുന്ന നെറികെട്ട ഇത്തരം കള്ളപ്രചാരണങ്ങളില്‍ കുടുങ്ങിപ്പോവരുതെന്നതുകൊണ്ടുമാത്രം ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുകയാണ്.

എന്റെ നാല്‍പത്തിയേഴാം വയസ്സുവരെ ഞാന്‍ എഴുതിയത് വലതുകൈ കൊണ്ടാണ്. വലതുകൈക്കിപ്പോള്‍ ശക്തിയില്ല. ഇടതുകൈയില്‍ പേന പിടിപ്പിച്ചാണ് ഇപ്പോഴത്തെ എഴുത്ത്. ഇടതുകൈയിലാവട്ടെ 47 വയസ്സുവരെ അഞ്ച് വിരലുകളുണ്ടായിരുന്നു. അതിനുശേഷം എനിക്ക് തള്ളവിരലുണ്ടായിട്ടില്ല. സൂചിപ്പിച്ച വയസ്സുവരെ ഏതൊരാളെയും പോലെ ആരോഗ്യവാനായിരുന്നു ഞാനും. എല്ലാവരേയും പോലെ ഭക്ഷണം കഴിക്കാനുള്‍പ്പടെ സാധിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ അങ്ങനെയല്ലെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

1999 ല്‍ ഇതുപോലൊരു ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തെ, തിരുവോണ നാളിലാണ് കിഴക്കേ കതിരൂരിലെ വീട്ടില്‍ ഓം കാളി വിളികളുമായെത്തിയ ആര്‍എസ്എസ് ഭീകരസംഘം എന്നെ വെട്ടിനുറുക്കിയത്. എന്റെ ഇടത് കൈയ്യിലെ പെരുവിരല്‍ അവര്‍ അറുത്തെടുത്തു. വലതു കൈ വെട്ടിപ്പിളര്‍ന്നു. എന്റെ നട്ടെല്ല് വെട്ടി നുറുക്കി. മരിച്ചെന്ന് കരുതി ഉപേക്ഷിച്ച് പോയി.

എന്നാല്‍ എന്റെ പാര്‍ട്ടി സഖാക്കളും ഭാര്യ യമുനയും അന്ന് പതറാതെ കൂടെ നിന്നത് കൊണ്ട് ഞാനിന്നും ജീവിച്ചിരിക്കുന്നു. ഞാന്‍ മരിക്കാത്തതിലെ നിരാശ പലവട്ടം അവര്‍ പിന്നീടും പ്രകടമാക്കിയത് നാട് കണ്ടതാണല്ലോ. എന്റെ അല്‍പം ശേഷിയുള്ള കൈയും വെട്ടുമെന്നും ജീവനെടുക്കുമെന്നുമെല്ലാം പിന്നെയും അവര്‍ ആവര്‍ത്തിച്ചത് തെളിവുസഹിതം വാര്‍ത്തയായതുമാണല്ലോ.

എന്റേതുപോലെ ആഴത്തില്‍ ശരീരമാസകലം മുറിവേറ്റ ഒരാള്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി പോലുള്ള ചികിത്സ എത്രമാത്രം പ്രയാസകരമാണെന്നത് വിമര്‍ശിക്കുന്നവര്‍ ഏതെങ്കിലും ഡോക്ടറോട് അന്വേഷിക്കണം. അത്രയേറെ പ്രയാസപ്പെട്ടാണ് ഡോക്ടര്‍ എന്റെ ജീവന്‍ രക്ഷിച്ചത്. അസുഖം വരുന്നത് ആരുടേയും തെറ്റോ കുറ്റമോ അല്ല. എന്റെ അസുഖം ബോധ്യപ്പെട്ടിട്ടും ബോധ്യമാവാതെ, യാത്രചെയ്യാന്‍ ശാരീരിക അവശതമൂലം സാധിക്കാത്ത സാഹചര്യത്തിലും എന്നെ തിരുവനന്തപുരം വരെ യാത്ര ചെയ്യിച്ചു.

ജില്ലയ്ക്ക് പുറത്തേക്ക് ഇതുവരെ വാഹനമോടിച്ചിട്ടില്ലാത്തയാളെ ആംബുലന്‍സ് ഡ്രൈവറാക്കിയും എന്റെ ജീവന് ഭീഷണിതീര്‍ക്കാന്‍ ശ്രമിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഏര്‍പ്പാടാക്കിയ ആ ആംബുലന്‍സാവട്ടെ അര്‍ദ്ധരാത്രി അപകടത്തില്‍ പെടുകയും ഭാഗ്യംകൊണ്ട് ഞാന്‍ രക്ഷപ്പെടുകയുമായിരുന്നു എന്നത് പുറത്തുവന്ന കാര്യമാണ്.

എന്റെ സഖാക്കള്‍ ആംബുലന്‍സിന് പിറകില്‍ മറ്റൊരു വാഹനത്തില്‍ ഒപ്പമുണ്ടായതുകൊണ്ട് വിവരം അപ്പോള്‍ത്തന്നെ പുറം ലോകമറിയുകയുകയും യാത്രാമധ്യേ തൃശ്ശൂരില്‍ ചികിത്സ ലഭിക്കുകയും ചെയ്തു. ഓരോ ആശുപത്രികളിലേക്കും ചികിത്സയ്ക്ക് കൊണ്ടുപോയത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു. എന്നിട്ടും ചിലര്‍ കണ്ണില്‍ ചോരയില്ലാത്തവിധം അസുഖം വന്നതുപോലും ആക്ഷേപത്തിന് വിഷയമാക്കുന്നു. അത് അവരുടെ സംസ്‌ക്കാരം എന്നേ കരുതുന്നുള്ളൂ.

വര്‍ഗ്ഗീയ ഫാസിസ്റ്റുകളായ ആര്‍എസ്എസിന്റെ കിരാതമായ ആക്രമണത്തെ അതിജീവിച്ചുകൊണ്ടാണ് ഇതുവരെ എത്തിയത്. ഒരു കാലത്ത് വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ ആയുധങ്ങള്‍ കൊണ്ടാണ് വേട്ടയാടിയത് എങ്കില്‍ പില്‍ക്കാലത്ത് യുഡിഎഫ് ഗവണ്മെന്റ് കേസുകളില്‍ കുടുക്കി തളച്ചിടാനാണ് ശ്രമിച്ചത്. അന്ന് ജീവനെടുക്കാന്‍ സാധിക്കാത്തവര്‍ ഇന്ന് നുണപ്രചരണങ്ങളിലൂടേയും കള്ളക്കേസുകളിലുടേയും തളര്‍ത്താന്‍ സാധിക്കുമോ എന്ന് നിരന്തരം ശ്രമിക്കുകയാണ്.

എന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചവര്‍ അതിനു ന്യായീകരണമായി പറഞ്ഞിരുന്നത് ജയരാജനാണ് എല്ലാ ആക്രമണങ്ങളുടെയും സൂത്രധാരന്‍ എന്നാണ്. ഈ ആര്‍എസ്എസ് പ്രചാരണം ഇന്ന് കോണ്‍ഗ്രസ്സും ലീഗും ഏറ്റെടുത്തിരിക്കുന്നു എന്ന വ്യത്യാസം മാത്രം. ഇടതുപക്ഷ വിരുദ്ധരാകെ എന്നെ ഗൂഡാലോചനക്കാരനായി ചിത്രീകരിക്കുകയാണ്. എന്റെ 45 വര്‍ഷത്തെ പൊതുജീവിതം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന പുസ്തകമാണ്.

കമ്മ്യുണിസ്‌റ് പാര്‍ട്ടി ഇന്ത്യയില്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് അന്നത്തെ പാര്‍ട്ടി നേതാക്കള്‍ക്കെതിരായി പെഷവാര്‍, കാണ്‍പൂര്‍,മീററ്റ് ഗൂഡാലോചന കേസുകള്‍ ചുമത്തിയത്. ഇന്ന് സിപിഐഎമ്മിനെ തകര്‍ക്കാന്‍ ആര്‍എസ്എസിന്റെ ആസൂത്രണത്തിലാണ് ഗൂഡാലോചന കേസുകള്‍ ചാര്‍ജ്ജ് ചെയ്യുന്നത്. ഉമ്മന്‍ ചാണ്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് യാതൊരു തെളിവും ഇല്ലാതെ ഒരു കേസില്‍ എന്നെ പ്രതിചേര്‍ത്തത്.

രാജ്യത്തെ നിയമ സംവിധാനത്തില്‍ വിശ്വസിക്കുന്ന ഒരാളെന്ന നിലയ്ക്ക് ഈ കള്ളക്കേസുകളില്‍ നിന്ന് രാജ്യത്തെ നീതിന്യായ സംവിധാനം എന്നെ കുറ്റവിമുക്തനാക്കുമെന്ന ഉറച്ച ബോധ്യമുണ്ട്. വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ കിരാതമായ ആക്രമണത്തിന് ഇരയായ എന്നെക്കുറിച്ചാണ് നട്ടാല്‍ കുരുക്കാത്ത നുണകള്‍ രാഷ്ട്രീയവൈരാഗ്യം മൂലം ചിലര്‍ പ്രചരിപ്പിക്കുന്നത്.

ചെങ്കോടിപ്രസ്ഥാനം എന്നെപ്പഠിപ്പിച്ചത് അക്രമിക്കാനല്ല, ഏവരെയും ഈ പ്രസ്ഥാനത്തിന്റെ ഭാഗമാക്കാനാണ്. അതുകൊണ്ടുകൂടിയാണ് ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും മുസ്ലിം ലീഗില്‍ നിന്നുമെല്ലാം ശരിയായ രാഷ്ട്രീയം തിരിച്ചറിഞ്ഞ് ചെങ്കൊടിക്ക് കിഴിലേക്ക് അണിനിരക്കാനെത്തുന്നവരെ എനിക്കുള്‍പ്പെടെ സ്വീകരിക്കാന്‍ കഴിയുന്നത്.

വര്‍ഗീയ ഫാസിസ്റ്റുകള്‍ ഇരുട്ട് പരത്തുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ,കോണ്‍ഗ്രസ്സുകാര്‍ പടിപടിയായി ബിജെപിയാകുന്ന ഈ കാലത്ത് , ബി.ജെ.പിയെ നേരിടാന്‍ ഇടതുപക്ഷമാണ് ശരിയെന്ന് ന്യുനപക്ഷ ജനതയുള്‍പ്പടെ എല്ലാവരും തിരിച്ചറിയുന്നുണ്ട്. ചില പഴയകാലകോണ്‍ഗ്രസ്സുകാരും മതനിരപേക്ഷത അപകടപ്പെടുന്നതില്‍ വലിയ ആശങ്ക പങ്കുവെച്ചിട്ടുമുണ്ട്.

ഇവിടെ, പരാജയ ഭീതിയിലായ യുഡിഎഫും ബിജെപിയും ചേര്‍ന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമോ എന്ന പരിശ്രമമാണ് നടത്തുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളാണ് പരമാധികാരികള്‍. ജനകീയ കോടതിക്ക് മുന്‍പില്‍ ഈ വസ്തുതകള്‍ ഞാന്‍ അവതരിപ്പിക്കും.

കോണ്‍ഗ്രസ്സും ബിജെപിയും എന്തൊക്കെ കള്ള പ്രചാരണങ്ങള്‍ നടത്തിയാലും അതെല്ലാം വോട്ടര്‍മാര്‍ പരിഹസിച്ച് തള്ളും. വടകരയിലെ പ്രബുദ്ധരായ ജനങ്ങള്‍ എല്‍.ഡി.എഫിനൊപ്പമാണ്.

പ്രിയപ്പെട്ടവരേ, വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായി തീരുമാനിച്ചത് മുതൽ എനിക്കെതിരെ വ്യാപകമായ അപവാദ…

Posted by P Jayarajan on Saturday, March 23, 2019