രാജസ്ഥാൻ പെണ്‍കുട്ടിയുടെ മാതാപിതക്കള്‍ക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചു; ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു

single-img
24 March 2019

കൊല്ലം ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ വിവാദ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി മാതാപിതക്കള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്ത ശേഷം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ ഇടവരുന്നവിധം ചിത്രമോ പേരോ ഷെയര്‍ ചെയ്യരുതെന്ന് നിയമമുണ്ട്. ഇതു ലംഘിച്ചതിനാണ് പോക്‌സോ നിയമപ്രകാരം ശനിയാഴ്ച രാത്രി പത്തുമണിയോടെ ഓച്ചിറ പോലീസ് കേസെടുത്തത്.

സംഭവം വിവാദമായതോടെയാണ് ബിന്ദു കൃഷ്ണയെ ഒന്നാം പ്രതിയാക്കി കേസ് എടുത്തത്. ബിന്ദു ചിത്രം പങ്കുവെച്ചതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് അവര്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. കൂടാതെ ബിന്ദുവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കൊല്ലം ഓച്ചറയില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടിയെ ഇതുവരെ കണ്ടെക്കാനായിട്ടില്ല.