ഇല്ല, മനുഷ്യത്വം മരിച്ചിട്ടില്ല; ആംബുലന്‍സിന് വഴിയൊരുക്കിയത് സെക്കന്‍ഡുകള്‍ക്കകം; സമുദ്രം വഴിമാറുന്നത് പോലെ നൊടിയിട കൊണ്ട് റോഡിനിരുവശത്തേക്കും ജനം രണ്ടായി പിരിഞ്ഞു; സംഭവം പാലക്കാട്: വീഡിയോ

single-img
24 March 2019

അപകടത്തിലോ, അത്യാസന്ന നിലയിലോ ഉള്ള രോഗികളെയും കൊണ്ട് കുതിച്ചു പായുന്ന ആംബുലന്‍സുകള്‍ക്ക് മുന്നിലൂടെ വാഹനങ്ങളോടിച്ചു മാര്‍ഗംതടസം സൃഷ്ടിക്കുന്ന വീഡിയോകള്‍ ധാരാളം കണ്ടിട്ടുണ്ട്. ആംബുലന്‍സു വരുമ്പോള്‍ വഴിമാറിക്കൊടുക്കാത്തവര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്ന ഈ വീഡിയോ കാണണം. ഇവിടെ ഒരു വ്യക്തിയല്ല, ഒരു നാട് തന്നെയാണ് ആംബുലന്‍സിനു വഴിയൊരുക്കാന്‍ ഒരുമിച്ചു ചേര്‍ന്നത്.

നടുറോഡിലൂടെ പതിയെ നീങ്ങുകയാണ് ഗാനമേളസംഘത്തിന്റെ തുറന്ന വാഹനം. അത്യുച്ചത്തില്‍ പാട്ടുമുഴങ്ങുന്ന വാഹനത്തിനു പിന്നാലെ റോഡ് നിറഞ്ഞ് നൃത്തം ചവിട്ടി നീങ്ങുകയാണ് ആയിരങ്ങള്‍. ഒരു കാല്‍നടയാത്രക്കാരനു പോലും കടന്നു പോകാനാവാത്ത വിധം ജനം തിങ്ങി നിറഞ്ഞ റോഡ്. ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ് ആയിരക്കണക്കിന് കാഴ്ചക്കാര്‍.

പെട്ടെന്നാണ് അത് സംഭവിച്ചത്. ഒരു ആംബുലന്‍സ് സൈറണ്‍ മുഴക്കി പാഞ്ഞു വരുന്നു. സമീപത്തെ കെട്ടിടങ്ങള്‍ക്ക് മുകളിലും മറ്റും കാഴ്ചക്കാരായി നിന്നവരില്‍ മ്ലാനത പടര്‍ന്നു. ഈ ജനസാഗരത്തിനിടയിലൂടെ ആംബുലന്‍സ് കടന്നു പോകുന്നത് എങ്ങനെ? എന്നാല്‍ നിമിഷങ്ങള്‍ക്കകമാണ് അത് സംഭവിച്ചത്.

സമുദ്രം വഴിമാറുന്നത് പോലെ നൊടിയിട കൊണ്ട് റോഡിനിരുവശത്തേക്കും രണ്ടായി പിരിയുന്ന ജനം. അതിലൂടെ ഒരു നിമിഷം പോലും വൈകാതെ രോഗിയുമായി കുതിച്ചു പായുന്ന ആംബുലന്‍സ്. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് പൂരത്തിനിടെയാണ് ഈ സംഭവം.

കണ്ടതില്‍ വച്ച് ഏറ്റവും ഹൃദ്യമായ ദൃശ്യമെന്ന തലക്കെട്ടോടെയാണ് വാട്‌സാപ്പിലും ഫേസ്ബുക്കിലും പലരും ഈ വീഡിയോ പങ്കുവയ്ക്കുന്നത്. ഒരു നാടിന്റെ സ്‌നേഹവും ഒത്തൊരുമയും മാത്രമല്ല, സഹജീവിയോടുള്ള കരുതലും കൂടിയാണ് ഈ വിഡിയോ വെളിപ്പെടുത്തുന്നത്.

https://www.facebook.com/watch/?v=777122185993708

മണ്ണാർക്കാട് പൂരം ചെട്ടിവേലക്കിടയിൽ എത്തിയ ആബുലൻസി നെ നിഷ്പ്രയാസം കടത്തിവിടുന്ന ജനങ്ങൾ….! ഇതാണ് ഞങ്ങൾ മണ്ണാർക്കാട്ടുകാർ 💪🏻

Posted by Mannarkkad Our Own Page on Friday, March 22, 2019