‘വിമാനത്താവളം വേറെ മണ്ഡലത്തില്‍ ആയത് എന്റെ കുഴപ്പമാണോ’; അബദ്ധം പറ്റിയിട്ടും ന്യായീകരിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം

single-img
24 March 2019

എറണാകുളം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ആദ്യ ദിവസം പ്രചരണത്തിനിറങ്ങിയപ്പോള്‍ തന്നെ മണ്ഡലം മാറിപ്പോയ സംഭവം വലിയ പരിഹാസങ്ങള്‍ക്കാണ് വഴിവെച്ചത്. സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ കണ്ണന്താനത്തെ ട്രോളുകയും ചെയ്തിരുന്നു.

എന്നാല്‍ ‘വിമാനത്താവളം വേറെ മണ്ഡലത്തില്‍ ആയത് എന്റെ കുഴപ്പമാണോ’ എന്നായിരുന്നു ഇത് സംബന്ധിച്ച് ചോദിച്ച ട്വന്റി ഫോറിന്റെ റിപ്പോര്‍ട്ടറോട് കണ്ണന്താനം മറുചോദ്യം ചോദിച്ചത്. കൊച്ചി വിമാനത്താവളം ഇരിക്കുന്നത് വേറെ മണ്ഡലത്തിലാണ്. അത് ഇവിടുത്തെ സ്ഥാനാര്‍ത്ഥികള്‍ക്കൊന്നും അറിയില്ലേ എന്നും കണ്ണന്താനം ചോദിച്ചു.

താന്‍ വേറെ മണ്ഡലത്തിലാണ് ഇറങ്ങിയത്. കണ്ടവരോടൊക്കെ വോട്ട് ചെയ്യണമെന്ന് പറയുകയാണ് ചെയ്തത്. തനിക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞില്ല. നിങ്ങള്‍ വോട്ടു ചെയ്യണം ജയിപ്പിക്കണം എന്നാണ് പറഞ്ഞതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അല്‍ഫോണ്‍സ് കണ്ണന്താനം ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തിയത്. ഇവിടെ വലിയ തോതില്‍ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. വിമാനത്താവളത്തില്‍ ജോലിക്ക് വന്ന അന്യസംസ്ഥാന തൊഴിലാളികളോടായിരുന്നു കേന്ദ്രമന്ത്രി ആദ്യം വോട്ട് അഭ്യര്‍ത്ഥിച്ചത്. തുടര്‍ന്ന് അമളി മനസിലാക്കി അവിടെ നിന്ന് യാത്ര തിരിച്ചു.

വിമാനത്താവളത്തില്‍ നിന്നും കെഎസ്ആര്‍ടിസി ബസിലായിരുന്നു മണ്ഡലത്തിലേക്കുള്ള യാത്ര. പക്ഷെ ബസിറങ്ങിയപ്പോള്‍ മണ്ഡലം മാറിപ്പോയി. എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ കണ്ണന്താനം ആലുവ പറവൂര്‍ കവലയില്‍ വന്നിറങ്ങി ചാലക്കുടി മണ്ഡലത്തിലെ വോട്ടര്‍മാരോടാണ് ആദ്യം വോട്ട് തേടിയത്. അമളി പറ്റിയെന്നും മണ്ഡലം മാറിപ്പോയെന്നും പ്രവര്‍ത്തകരറിയിച്ചതോടെ ബസ് യാത്ര അവസാനിപ്പിച്ച കണ്ണന്താനം സ്വന്തം വാഹനത്തില്‍ കയറി.

പ്രചരണത്തിനിറങ്ങിയ മണ്ഡലം മാറിപ്പോയെങ്കിലും എറണാകുളം മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലെത്തുന്നത് താനായിരിക്കുമെന്ന് അവകാശപ്പെട്ടാണ് അല്‍ഫോണ്‍സ് കണ്ണന്താനം മടങ്ങിയത്. മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തകരൊരുക്കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് അല്‍ഫോണ്‍സ് കണ്ണന്താനം അദ്യ ദിനം പ്രചരണം അവസാനിപ്പിച്ചത്.

കടപ്പാട്: ട്വന്റി ഫോര്‍ ന്യൂസ്