ചുട്ട് പൊള്ളി കേരളം; സൂര്യാഘാതത്തില്‍ രണ്ട് മരണം ? • ഇ വാർത്ത | evartha
Breaking News

ചുട്ട് പൊള്ളി കേരളം; സൂര്യാഘാതത്തില്‍ രണ്ട് മരണം ?

സംസ്ഥാനത്ത് ചൂട് കൂടുന്നു. തിരുവനന്തപുരം പാറശാലയില്‍ മധ്യവയസ്‌കനെ കുഴഞ്ഞുവീണ് മരിച്ച നിലയില്‍ കണ്ടെത്തി. പാറശാല അയിര സ്വദേശി കരുണാകരന്‍ (42) ആണ് മരിച്ചത്. കണ്ണൂര്‍ മാതമംഗലം വെള്ളോറയിലും വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. കാടന്‍ വീട്ടില്‍ നാരായണന്‍ (67) ആണ് മരിച്ചത്. സൂര്യാതപമാണ് ഇരുവരുടെയും മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സൂര്യാതപത്തെ തുടര്‍ന്ന് പാലക്കാട് ഒരു പശുവും ചത്തു.

ഇതിന് പുറമേ കേരളത്തില്‍ മറ്റ് രണ്ട് ജില്ലകളില്‍ നിന്നും സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൊല്ലം പുനലൂരില്‍ വച്ച് ആര്‍എസ്പി മണ്ഡലം സെക്രട്ടറി നാസര്‍ ഖാന് സൂര്യാഘാതമേറ്റു. കാസര്‍കോട്ട് മൂന്ന് വയസുകാരിയായ കുമ്പള സ്വദേശി മര്‍വ്വക്കും ഇന്ന് സൂര്യാഘാതമേറ്റു.

ഉഷ്ണതരംഗത്തിനും സൂര്യാഘാതത്തിനുമുള്ള മുന്നറിയിപ്പ് ഇതിനോടകം കാലാവസ്ഥാനിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ പത്തോളം ജില്ലകളില്‍ താപനില രണ്ട് ഡിഗ്രീ മുതല്‍ നാല് ഡിഗ്രീ വരെ വര്‍ധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

ഉഷ്ണതരംഗത്തിന് സാധ്യതയുളളതിനാല്‍ 11മണി മുതല്‍ 3മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറ്റി മുന്നറിയിപ്പ് നല്‍കി. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കയ്യില്‍ കരുതുക, തൊഴില്‍ സമയം പുനക്രമീകരിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.