വയനാട് സീറ്റിൽ രാഹുൽ ഗാന്ധി: ഗ്രൂപ്പ് പോരിന്റെ പരിണതിയെന്ന് റിപ്പോർട്ട്

single-img
23 March 2019

കോൺഗ്രസിന്റെ വയനാട് ലോക്സഭാ സീറ്റിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കുവാനുള്ള തീരുമാനം കോൺഗ്രസിലെ എ ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മിലുള്ള പരിഹാരമില്ലാത്ത തർക്കത്തിന്റെ പരിണതിയെന്ന് റിപ്പോർട്ട്. ടി സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കുന്നതിനായി ഉമ്മൻ ചാണ്ടി വാശിപിടിക്കുമ്പോഴും ഐ ഗ്രൂപ്പ് അതിനെ ശക്തിയായി എതിർത്തപ്പോഴാണ് ഇത്തരമൊരു പരിഹാരം നിർദ്ദേശിക്കപ്പെട്ടതെന്ന് കെപിസിസിയുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.

വയനാട് സീറ്റിലേയ്ക്ക് ടി സിദ്ദിഖിനെക്കൂടാതെ പി എസ് സുധീർ, അഡ്വ. പി എം നിയാസ് എന്നിവരാണ് എഐസിസിയുടെ പട്ടികയിലുള്ളത്. ഇതിൽ നിയാസിനെയും സിദ്ദിഖിനെയും കെപിസിസി നിർദ്ദേശിച്ചതാണ്. ഹൈക്കമാൻഡ് നേരിട്ടാണ് പി എസ് സുധീറിനെ പരിഗണിച്ചതെന്നാണ് റിപ്പോർട്ട്.

സിദ്ദിഖിന് സീറ്റുകൊടുത്തില്ലെങ്കിൽ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേയ്ക്ക് താൻ നീങ്ങുമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിലപാട്. എന്നാൽ സിദ്ദിഖിനെതിരായി ഐ ഗ്രൂപ്പ് ശക്തമായ നിലപാടെടുത്തതോടെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കട്ടെയെന്ന നിലപാടിലേയ്ക്ക് ഉമ്മൻ ചാണ്ടി വന്നതായാണ് റിപ്പോർട്ട്. ഐ ഗ്രൂപ്പും ഇതിനെ പിന്തുണച്ചു.

പി എസ് സുധീർ

ഹൈക്കമാൻഡ് നേരിട്ടാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ പി എസ് സുധീറിന്റെ പേരു പരിഗണിച്ചതെന്ന് എഐസിസി വൃത്തങ്ങൾ അറിയിക്കുന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവയിലും 2014 പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചാലക്കുടിയിലും 2016 നിയമസഭ തിരഞ്ഞെടുപ്പിൽ തൃക്കാക്കര ,കൈപ്പമംഗലം എന്നിവിടങ്ങളിൽ സുധീറിന്റെ പേര് സജീവമായി പരിഗണിച്ചിരുന്നു . നിലവിൽ സാംസങ് റീജിയണൽ എസ് ഇ സി മാനേജറായി ജോലി ചെയ്യുന്ന സുധീർ ഐ ഗ്രൂപ്പിനും സ്വീകാര്യനാണ്.

പി എം നിയാസ്

കെപിസിസി നിർവ്വാഹക സമിതിയംഗവും കോഴിക്കോട് നഗരസഭാ കൌൺസിലറുമായ അഡ്വ. പി എം നിയാസാണ് പട്ടികയിലുള്ള മറ്റൊരാൾ. എന്നാൽ ഇവരെയെല്ലാം ഒഴിവാക്കി രാഹുൽ ഗാന്ധിയെത്തന്നെ വയനാട്ടിൽ മത്സരിപ്പിക്കുന്നത് ഗ്രൂപ്പ് പോര് നടത്തുന്നവരെ നിശബ്ദമാക്കാൻ പര്യാപ്തമാണെങ്കിലും പാർട്ടിയ്ക്ക് ദേശീയതലത്തിൽ ഗുണമാകില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ദേശീയതലത്തിൽ ഇടതുപക്ഷവുമായി നല്ല ബന്ധം സൂക്ഷിക്കുന്ന രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് അദ്ദേഹത്തിനു രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.