കാളകളെ കൊലപ്പെടുത്തുന്ന 500 വർഷം പഴക്കമുള്ള ആചാരം സ്പാനിഷ് സുപ്രീംകോടതി നിരോധിച്ചു

single-img
23 March 2019

സ്പെയിനിലെ  ‘ടോറോ ഡേ ലാ വേഗ’ കാളയോട്ടം സുപ്രീം കോടതി നിരോധിച്ചു. സ്പെയിനിലെ കാസ്റ്റില ലി ലിയോണ്‍ മേഖലയില്‍ 500 വര്‍ഷത്തിലേറെയായി അനുഷ്ഠിച്ചുപോന്നിരുന്ന  ആഘോഷമായിരുന്നു ഇത്. തെരുവുകളിലൂടെ കാളകളെ ഓടിച്ചതിന് ശേഷം കുതിരപ്പുറത്തേറിയ ആളുകള്‍ കുന്തവുമായി കാളകളെ കുത്തുകയും, മരണം ഉറപ്പാക്കുന്നത് വരെ ആക്രമിക്കുകയും ചെയ്യുന്ന ആചാരമാണ് ഇതോടെ ഇല്ലാതായത്.

കാളകളെ ഓടിച്ച ശേഷം കുതിരപ്പുറത്തേറി സംഘം ചേര്‍ന്ന് വേട്ടയാടും. കുന്തമുപയോഗിച്ച് കാളയെ കുത്തും. ഓടിയും കുത്തേറ്റും തളരുന്ന കാളയുടെ വാല്‍ ജീവനുള്ളപ്പോള്‍ തന്നെ മുറിച്ചെടുക്കും. കാളകളെ ഏറ്റവും അധികം മുറിപ്പെടുത്തുന്ന ആള്‍ക്കോ കൊലപ്പെടുത്തുന്ന ആളോ വിജയിയാകും. അധികം പ്രായമാകാത്ത കാളകളെയാണ് ആഘോഷത്തിനായി ഉപയോഗിച്ചിരുന്നത്.

ആചാരത്തിന്റെ ഭാഗമായി കുന്തവും മെഡലും സമ്മാനിക്കും.  2016ല്‍ ആഘോഷത്തിന്റെ ഭാഗമായി കാളകളെ കൊലപ്പെടുത്തന്നത് കാസ്റ്റില ലി ലിയോണ്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. തുടര്‍ന്ന് ടോര്‍ഡെസില്ലസ് നഗരത്തിലൂടെ കാളകളെ കൊലപ്പെടുത്താതെയുള്ള സാധാരണ ഓട്ടം മാത്രമായിരുന്നു നടന്നത്. എന്നാല്‍ പിന്നീട് നിരോധനത്തിനെതിരെ ടോര്‍ഡെസില്ലസ് സിറ്റി കൗണ്‍സില്‍ സുപ്രീം കോടതിയെ സമീപിച്ചു.

നിരോധനം വര്‍ഷങ്ങളായി നടക്കുന്ന കാളപ്പോരെന്ന ആചാരത്തിന്റെ പൂര്‍ണ്ണത ഇല്ലാതാക്കുന്നുവെന്നായിരുന്നു കൗണ്‍സിലിന്റെ വാദം. കാളയോട്ടം വിലക്കാനാവശ്യപ്പെട്ട് 100 ആക്ടിവിസ്റ്റുകള്‍ പ്രതിഷേധിക്കുമ്പോള്‍ മറുവശത്ത് 40,000 പേരാണ് കാളയോട്ടം കാണാനെത്തിയിരുന്നത്. ആഘോഷത്തില്‍ മരിക്കുന്നതോടെ കാളയുടെ അന്തസ് ഇല്ലാതാകുന്നില്ലെന്നും മറിച്ച് വര്‍ധിക്കുകയാണെന്നും കൗണ്‍സില്‍ വാദിച്ചു. എന്നാൽ ഇവയൊന്നും അംഗീകരിക്കാതിരുന്ന കോടതി വിലക്ക് ശരിവെയ്ക്കുകയായിരുന്നു.

മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സ്‌പെയിനിലെ പിഎസിഎംഎയുടെ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് നിരോധനം.