സൗദിയില്‍ ദുരിതമനുഭവിച്ച മലയാളി നഴ്‌സിന് മോചനം

single-img
23 March 2019

താങ്ങാവുന്നതിലേറെ ദുരിതങ്ങള്‍ സഹിച്ച ശേഷം സൗദിയില്‍ നിന്ന് കോട്ടയം സ്വദേശിയായ മലയാളി നഴ്‌സ് ഒടുവില്‍ നാട്ടിലേക്ക്. സൗദിയില്‍ പ്രസവാവധി നിഷേധിക്കപ്പെട്ട ടിന്റു സ്റ്റീഫനാണ് ലേബര്‍ കോടതി വിധിയുടെ പിന്‍ബലത്തില്‍ കൈക്കുഞ്ഞുമായി നാട്ടിലേക്ക് മടങ്ങിയത്.

അബഹ ഗവര്‍ണറെറ്റ്, ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ്, സൗദി മനുഷ്യാവകാശ കമ്മീഷന്‍, ലേബര്‍ ഓഫീസ് തുടങ്ങിയവയുടെയൊക്കെ സഹായത്തോടെയാണ് നാട്ടിലേക്ക് പോകാന്‍ ഉണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങിയത്. ടിന്റുവില്‍ നിന്നും 31,800 റിയാല്‍ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് സ്‌പോണ്‍സര്‍ നല്‍കിയ പരാതി തൊഴില്‍ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

മൂന്ന് വര്‍ഷത്തെ കരാറില്‍ 2017 ലാണ് സൗദിയിലെ അബഹയില്‍ സ്വകാര്യ പോളിക്ലിനിക്കില്‍ കോട്ടയം ഉഴവൂര്‍ സ്വദേശി ടിന്റു സ്റ്റീഫന്‍ ജോലിക്കെത്തുന്നത്. ടിന്റുവിന് അവകാശപ്പെട്ട വാര്‍ഷിക അവധി ആദ്യ വര്‍ഷത്തില്‍ തന്നെ മാനേജ്‌മെന്റ് നിഷേധിച്ചിരുന്നു.

എന്നാല്‍, പ്രസവാവധി അനുവദിച്ചു തരണമെന്ന് മാസങ്ങള്‍ക്കു മുമ്പ് തന്നെ മാനേജ്‌മെന്റിനോട് ടിന്റു അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും അതും നിഷേധിക്കപ്പെട്ടു. ജോലി സ്ഥലത്ത് നിന്നും ഒളിച്ചോടിയെന്നു പറഞ്ഞു സ്‌പോണ്‍സര്‍ ടിന്റുവിനെ ഹുറൂബ് ആക്കിയിരുന്നു.

നിയമക്കുരുക്കുകളില്‍ നിന്ന് രക്ഷപ്പെടാന്‍ നെട്ടോട്ടമോടുന്നതിനിടെയാണ് പ്രസവ വേദന വന്നു അബഹയിലെ ആശുപത്രിയില്‍ വെച്ച് ടിന്റു ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. എന്നിട്ടും നാട്ടിലേക്കു മടങ്ങാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനം അനുവദിച്ചില്ല.

തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ സഹായം തേടുകയായിരുന്നു. സാമൂഹിക പ്രവര്‍ത്തകരായ ബിജു നായര്‍, അഷ്‌റഫ് കുറ്റിച്ചല്‍ എന്നിവര്‍ ഇടപെട്ട് അബഹ ഗവര്‍ണറേറ്റിലും ലേബര്‍ കോടതിയിലും പരാതി നല്‍കി. തുടര്‍ന്ന് രണ്ട് മാസം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ടിന്റുവിന് അനുകൂലമായി കഴിഞ്ഞ ദിവസം ലേബര്‍ കോടതി വിധിക്കുകയായിരുന്നു.