മത്സരിക്കാം, തോറ്റാൽ രാജ്യസഭ സീറ്റു തരണം: ബിജെപിയെ വെട്ടിലാക്കി തുഷാർ വെള്ളാപ്പള്ളി
ബിജെപിയെ വെട്ടിലാക്കി ബിഡിജെഎസ്. തുഷാർ തോറ്റാൽ രാജ്യസഭാ സീറ്റ് നൽകണമെന്ന് ബിഡിജെഎസ് ആവശ്യപ്പെട്ടതായാണ് സൂചന. തുഷാർ വെള്ളാപ്പള്ളി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ബിജെപിയുടെ സമ്മർദത്തിനു മറുതന്ത്രവുമായി ബിഡിജെഎസ് രംഗത്തെത്തിയത്.
തൃശൂരിൽ താൻ തോറ്റാലും രാജ്യസഭ സീറ്റ് നൽകണമെന്ന് തുഷാർ ബിജെപി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം കേന്ദ്രനേതൃത്വം ഇക്കാര്യത്തിൽ യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്നാണ് സൂചന.
താൻ മത്സരിക്കുന്ന കാര്യം തീരുമാനമായില്ലെന്ന് തുഷാർ നേരത്തെ പറഞ്ഞിരുന്നു. സമ്മർദം ശക്തമാക്കി തുഷാർ ഡൽഹിയിൽ തുടരുകയാണ്. തുഷാർ മത്സരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ആവശ്യപ്പെട്ടിരുന്നു. തുഷാർ മത്സരിക്കുന്നത് ഗുണകരമാകുമെന്നാണ് ബിജെപി വിലയിരുത്തൽ.