തൃശൂരില്‍ തന്നെ മത്സരിക്കണമെന്ന് മോദിയും അമിത് ഷായും നിര്‍ബന്ധിച്ചു: തുഷാര്‍ വെള്ളാപ്പള്ളി

single-img
23 March 2019

താന്‍ തൃശൂരില്‍ തന്നെ മത്സരിക്കണമെന്ന് മോദിയും അമിത് ഷായും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി. പ്രഖ്യാപനത്തിനുള്ള നല്ല സമയം കാത്തിരിക്കുകയാണ്. പ്രഖ്യാപനത്തിനു പാര്‍ട്ടി യോഗം ചേര്‍ന്ന് നടപടി ക്രമം പൂര്‍ത്തിയാക്കണമെന്നും തുഷാര്‍ പറഞ്ഞു. പത്തംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിന് തൃശൂര്‍ സീറ്റുമായി ബന്ധമില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റിനെ ചൊല്ലി ബിജെപിയില്‍ തര്‍ക്കമില്ലെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടി സംസ്ഥാന മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരന്‍. കേന്ദ്രതീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്നും സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാംഘട്ട പട്ടിക പുറത്തുവിട്ടപ്പോഴും പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല. ഇക്കാര്യത്തില്‍ അസ്വഭാവികത ഇല്ലെന്നും കുമ്മനം പറഞ്ഞു. പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപി സീറ്റില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് കുമ്മനം രാജശേഖരന്‍ നിലപാട് വ്യക്തമാക്കിയത്.