ബിജെപിയുമായി ഇനി ബന്ധമില്ല; ശശി തരൂരിന് നന്ദി: ശ്രീശാന്ത്

single-img
23 March 2019

ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ ശശി തരൂർ എം.പിയെ സന്ദർശിച്ച താരം നന്ദി അറിയിച്ചു. ഇന്നലെ രാത്രി ഒമ്പതരയോടെ തരൂരിന്റെ വസതിയിലെത്തിയാണ് താരം നന്ദി അറിയിച്ചത്.

വിലക്ക് നീക്കിയതിന് ശേഷം താൻ ആദ്യമായി കാണുന്നയാളാണ് തരൂരെന്നും ശ്രീശാന്ത് പറഞ്ഞു. തനിക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ വിഷയം പാർലമെന്റിൽ ഉന്നയിക്കുകയും വിലക്ക് നീക്കാൻ ബിസിസിഐ യോട് ആവശ്യപ്പെട്ടതും തരൂരാണ്. അതിന് നന്ദി പറയാനാണ് താൻ എത്തിയത്. വ്യക്തിയെന്ന നിലയിലും എം.പിയെന്ന നിലയിലും തരൂരിനോട് ഏറെ ആദരവും ബഹുമാനവുമുണ്ട്- ശ്രീശാന്ത് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിലുണ്ടായ ബിജെപി ബന്ധത്തെക്കുറിച്ചും തരൂർ ആരാഞ്ഞു. എന്നാൽ ബി.ജെ.പിയുമായി തനിക്ക് ഇനി ബന്ധമുണ്ടാവില്ലെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങാൻ ഉദ്ദേശമില്ലെന്നും ശ്രീശാന്ത് തരൂരിനോട് വ്യക്തമാക്കി.

ഇനി പൂർണമായും കളിയിൽ ശ്രദ്ധിക്കാനാണ് താൽപര്യമെന്നും ശ്രീശാന്ത് അറിയിച്ചു. ശ്രീശാന്തിന്റെ ഭാര്യയും ഫോണിലൂടെ തരൂരിനെ നന്ദി അറിയിച്ചു.